അത് ഒരു ശിശിരകാലമായിരുന്നു. മിതശീതോഷ്ണ മേഖലയിൽ കൃഷി തുടങ്ങുന്ന കാലം. മഞ്ഞുതുള്ളികൾ പുൽനാമ്പുകളെ ഈറനണിയിച്ചിരുന്നു. ഇടതൂർന്ന തെങ്ങുകൾ ക്കിടയിൽ അങ്ങിങ്ങായി നെൽവയലുകൾ. കൃഷി ആരംഭിക്കുന്നതിനുള്ള തിരക്കിലായിരുന്നു കർഷകർ. യന്ത്രവൽകൃത നൂതന കൃഷി രീതികൾ അന്ന് ആ വയലിൽ തുടക്കം കുറിക്കുകയാണ്. ആകാശം മഴ മേഘങ്ങളോട് വിട പറഞ്ഞിരുന്നു.
ഒരു ട്രെയ്നി ടെക്നീഷ്യനായ അവളെ അന്നാദ്യമായാണ് അവൻ ശ്രദ്ധിക്കുന്നത്. ആധുനീക വിദ്യാഭ്യാസം കൃഷി രീതികളിൽ വരുന്ന മാറ്റങ്ങളേക്കുറിച്ചാണ് അവൻ ചിന്തിച്ചത്. അവനും ഒരു കർഷകനായിരുന്നു. ചെളി പുതഞ്ഞ നെൽവയലുകൾ പതുപതുത്ത പുതപ്പ് പോലെ തോന്നിച്ചു. ചെറിയ വരമ്പുകൾ ആ പുതപ്പിൽ നിരവധി ജ്യാമിതീയ രൂപങ്ങൾ തീർത്തു
പുതിയ സങ്കേതങ്ങൾ ഉപയോഗിച്ചാണ് നടീൽ ചെയ്തിരുന്നത്. അതിന് വേണ്ട ഞാറ്റടികൾ നിർമ്മിക്കുകയാണ് ആദ്യം ചെയ്യുക. മിതശീതോഷ്ണ മേഖലയിലെ ശരത് കാലത്തിന്റെ വരവറിയിച്ചു കൊണ്ട് സൂര്യൻ വൈകി ഉദിക്കുകയും നേരത്തെ അസ്തമിക്കുകയും ചെയ്തു. തെളിഞ്ഞ പ്രഭാതങ്ങളും ചുവന്ന സന്ധ്യകളും ആ നാടിന് തിളക്കമേകി. ചുവന്ന സൂര്യകിരണങ്ങൾ അവളുടെ കവിളിൽ തട്ടി അവളെ കൂടുതൽ തുടുത്തതാക്കി. അവളുടെ കണ്ണിലെ പ്രകാശം അവൻ ആദ്യമായി ശ്രദ്ധിച്ചു. എന്തോ ഒരാകർഷണീയത അവൾക്ക് ഉണ്ടെന്ന് അവന് തോന്നി. ഒരു വൈകുന്നേരം അവൻ വയലിലേക്ക് ചെന്നു. അവിടെ ഞാറ്റടികൾ നിർമ്മിക്കുന്ന ജോലി നടക്കുകയായിരുന്നു. അവൻ അവളെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. കണ്ണുനീർ തുള്ളികൾ കണ്ണിൽ നിന്നും അടർന്ന് നാസികാഗ്രത്തിലൂടെ വിത്തുകൾക്കിടയിൽ അലിഞ്ഞ് ചേരുന്നത് അവൻ ശ്രദ്ധിച്ചു. എന്തിനാണ് അവൾ ഇത്രയേറെ സങ്കടപ്പെടുന്നത് എന്ന് അവന് മനസിലായില്ല. എങ്കിലും അവൻ ചോദിച്ചു.
"എന്തിനാണ് സങ്കടപ്പെടുന്നത് ? "
മറുപടി എന്തായിരിക്കുമെന്ന് അവന് അറിയില്ലായിരുന്നു. എങ്കിലും അവൻ ചോദ്യം ആവർത്തിച്ചു.
അതിന് മറുപടി ഒരു തേങ്ങലായിരുന്നു. സങ്കടങ്ങൾ ഒളിച്ച് വച്ച് സന്തോഷത്തിന്റെ മൂടുപടമണിഞ്ഞായിരുന്നു അവൾ വന്നിരുന്നത്. അവന്റെ ചോദ്യം ഒരു മാരുതനായി അവളിൽ അലിഞ്ഞു ചേരുന്നത് അവൾ അനുഭവിച്ചു. ഉള്ളിലുള്ള തേങ്ങലുകൾ ഒരു പേമാരിയായി പെയ്തിറങ്ങി. അവൾ തേങ്ങിക്കൊണ്ടേയിരുന്നു.
എന്തൊക്കെയോ പറഞ്ഞു കൊണ്ട് അവൻ അവളെ ആശ്വസിപ്പിച്ചു. അവൾക്ക് ആദ്യമായി ഒരു സുരക്ഷിതത്വബോധം അനുഭവപ്പെട്ടു. അവൻ പ്രശ്നങ്ങൾ ആരായുകയും അവൾ മറുപടി പറയുകയും ചെയ്ത് കൊണ്ടിരുന്നു. ഒരാശ്വാസം എന്ന വണ്ണം അവൻ അവളെ ജോലിയിൽ സഹായിച്ചു കൊണ്ടിരുന്നു. നെൽ വിത്തുകൾ പവിഴങ്ങൾ പോലെ മണ്ണിൽ വിലയം പ്രാപിച്ചു. സൂര്യൻ അസ്തമിക്കുകയായിരുന്നു. അവൻ അറിയാതെ അവന്റെ വിരലുകൾ അവളുടെ വിരലുകളിൽ ആകസ്മികമായി സ്പർശിച്ചു. ഒരു വൈദ്യുതി അവളുടെ വിരലുകളിൽ നിന്ന് ശരീരമാകെ പ്രവഹിച്ചു. അത് എല്ലാ രോമകൂപങ്ങളേയും ബാധിച്ചു. അവളുടെ കണ്ണുകൾ പാതി അടയുന്നതായി അവൾ അനുഭവിച്ചു. അന്നവൾക്ക് ഒരു വല്ലാത്ത സന്തോഷം അനുഭവപ്പെട്ടു.
അവർ പിന്നീടുള്ള ദിനങ്ങളിൽ കണ്ട്മുട്ടി. കണ്ണുകൾ കഥ പറയുകയും മയിലുകൾ പീലി വിരിച്ച് ആടുകയും ചെയ്തു. ആ ഗ്രാമത്തിലെ ജോലികളുടെ അവസാനമായിരിക്കുന്നു. നടീലിനുളള ജർമ്മൻ നിർമ്മിത യന്ത്രം മണ്ണിൽ നിന്നും വേർപെടുത്തി വൃത്തിയാക്കി കൊണ്ടിരിക്കുകയായിരുന്നു അവൾ. സഹായിക്കാൻ അവനും കൂടി . യന്ത്രത്തിലെ മണ്ണ് വെള്ളമൊഴിച്ച് വൃത്തിയാക്കി കൊണ്ടിരിക്കുമ്പോൾ മനപൂർവം എന്നവണ്ണം അവരുടെ വിരലുകൾ സ്പർശിച്ചുകൊണ്ടിരുന്നു. അവളുടെ ശരീരത്തിലൂടെ അനേകമനേകം മിന്നൽ പിണരുകൾ പാഞ്ഞ് കൊണ്ടിരുന്നു. അവളുടെ രോമകൂപങ്ങൾക്ക് അന്ന് വിശ്രമമുണ്ടായിരുന്നില്ല. അവൾ വളരെ വ്യാകുലതയോടെ അവനോട് ചോദിച്ചു.
"നിനക്കെന്നെ ........"
അതിനുത്തരം എന്താകുമെന്ന് അവൾക്ക് അറിയില്ലായിരുന്നു. തന്നെ തെറ്റിദ്ധരിച്ചെങ്കിലോ എന്നവൾ ഭയപ്പെട്ടു. അവൾ ചകിതയായിരുന്നു. അവന്റെ അതിതീഷ്ണമായ നോട്ടത്തിൽ താൻ ചെറുതായി പോയെങ്കിലോ എന്നവൾ ചിന്തിച്ചു.
അവൻ മൃദുലമായി മന്ദസ്മിതം തൂകി. അവളുടെ കണ്ണുകളിലേക്ക് ആർദ്രമായി നോക്കി. എന്നിട്ട് മെല്ലെ മെല്ലെ പറഞ്ഞു.
" ഞാൻ നിന്നെ പ്രണയിക്കാം , നിനക്ക് വേണ്ടുവോളം ....."
ശീതകാലത്തെ സന്ധ്യയും അവൾക്ക് പ്രകാശമുള്ളതായി തോന്നി. ചുറ്റുമുള്ള മരങ്ങൾ അത്യാഹ്ലാദത്തോടെ തുള്ളിച്ചാടുന്നതായി അവൾക്ക് അനുഭവപ്പെട്ടു. അവൾ ഒരു ഉൻമാദത്തിലായിരുന്നു. സുരക്ഷിതത്വത്തിന്റെ , പ്രണയത്തിന്റെ , സ്നേഹത്തിന്റെ , ഉൾകൊള്ളലുകളുടെ ഉൻമാദം.
ശീതകാലം പോയ് മറഞ്ഞു. വസന്തകാലം വന്ന് ചേർന്നു. അവൾ ഒരു പുഷ്പമായി മാറി. അതിൽ നിന്നും തേൻ ഇറ്റിറ്റു വീണു. ആ തേൻ നുകരാനായി ഒരു പൂമ്പാറ്റയായി അവൾക്കു ചുറ്റുംഅവനും പാറി പറന്നു നടന്നു.............
കടപ്പാട് :സുവർണ്ണ.