മാനത്തു കാർമേഘം ഇരുണ്ടു കൂടുമ്പോൾ കണ്ണുകൾ വിടർന്നിരുന്നു. ചെഞ്ചോടിയിൽ പുഞ്ചിരി മൊട്ടിടുമായിരുന്നു.ആകാശത്തേക്ക് നോട്ടം പായിച്ചു വട്ട ചന്ദ്രൻ ശോഭിച്ച പോലെ മുറ്റത്തേക്ക് ഇറങ്ങി ഓടുമായിരുന്നു. ഇളം കാറ്റിൽ മുടിയിഴകൾ ആടിയുലയുമ്പോൾ ഇരു വിരലാൽ അതിനെ വകഞ്ഞു മാറ്റി ചുറ്റും ആരെങ്കിലും തന്നെ നോക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കും.. ആരുമില്ലെങ്കിൽ ഒന്നുകൂടെ വിടർന്ന പുഷ്പം പോലെ ഇരു കൈകളാൽ നീട്ടി ആ മഴയുടെ ആദ്യത്തെ തുള്ളിയെ വരവേൽകുമ്പോൾ ഉള്ളിലൊരായിരം സ്വപ്‌നങ്ങൾ പൂവിടരുമായിരുന്നു. അന്ന് തന്നോളം സന്തോഷവതി ഈ ഭൂലോകത്തിൽ ഇല്ലായെന്നു കരുതിപോയിരുന്നു. അത്രയേറെ ഞാൻ എന്നിലെ എന്നെ പ്രണയിച്ചിരുന്നു.ഇളം റോസ് നിറത്തിൽ തുടുത്തു നിന്നിരുന്ന കവിൾ തടങ്ങൾ അന്നു ആ മഴയിൽ കാണുമ്പോൾ ആരിലും ഒന്ന് തൊട്ടു നോക്കാൻ കൗതുകം ഉണർത്തുമായിരുന്നു. ചെറിയ ചുണ്ടുകൾക്കിടയിൽ പുഞ്ചിരിക്കുന്ന പല്ലുകൾ ആ ചിരിയുടെ മാറ്റൊലി കൂട്ടുന്നതായിരുന്നു. ആർത്തുല്ലസിച്ചു നടന്നിരുന്ന ആ കാല്പാദങ്ങൾ ഭൂമിയുടെ വിരിമാറിൽ നൃത്തം ചെയ്തിരുന്നു. ഇന്ന് കണ്ണടച്ച് തുറക്കുമ്പോൾ ഓർത്തെടുക്കാവുന്ന അവിസ്മരണീയ ദൃശ്യങ്ങൾ ♥