ആരാണ് ഞാൻ?
(കളി തമാശക്കും, പൊട്ടത്തരങ്ങൾക്കും, തെറി വിളികൾക്കും, ദേഷ്യപ്പെടലിനും, വെറുപ്പിക്കുന്നതിനും അപ്പുറം മറ്റേതോ ഞാൻ ഉണ്ട്)
അനുഭവങ്ങൾ മധുരമേറിയതും കൈപ്പേറിയതും അല്ലേ. പലപ്പോഴും മധുരമേറിയത് അങ്ങ് അലിഞ്ഞ് ഇല്ലാതെ ആവും, കൈപ്പേറിയതോ എത്ര ശ്രമിച്ചിട്ടും, എത്ര മധുരം അതിന് ശേഷം അനുഭവിച്ചിട്ടും മായാതെ മനസ്സിൽ തുടരും. ഇവിടെ പലരും പല അനുഭവങ്ങൾക്ക് ആയി വരുന്നതാണ് അല്ലേ, ചിലർ കൈപ്പ് മാറ്റാനും ചിലർ മധുരത്തിനായും, അത് പോലെ ഞാനും എത്തിയത് ഒരു ചെറിയ കൈപ്പ് മാറ്റാൻ ആയിരുന്നു.
അതിന് ഇടയിൽ പലരെയും കണ്ട് മുട്ടി, പല അനുഭവങ്ങൾ കേട്ടറിഞ്ഞു, പലർക്കും നല്ല ഓർമ്മകൾ സമ്മാനിച്ചു, പലരുടെയും ഹൃദയം തകർത്തു, പലപ്പോഴും നല്ല ഒരു കേൾവിക്കാരി ആകാൻ ശ്രമിച്ചു, പലരും വെറുത്തു, പലരും തെറ്റിദ്ധരിച്ചു, പലർക്കും ശത്രു ആയി, പലർക്കും മിത്രമായി, പലർക്കും കാമുകി ആയി, ഏകദേശം നാല് വർഷം കഴിഞ്ഞിരിക്കുന്നു.
കൈപ്പ് മാറ്റാൻ എത്തിയിട്ട് കൈപ്പ് മാറിയോ എന്ന് ചോദിച്ചാൽ, അത്, അതിന് ഉത്തരം ' മാറ്റാൻ ഒത്തിരി ശ്രമിച്ചു, പക്ഷെ ഓരോ വട്ടം മാറ്റാൻ നോക്കുമ്പോഴും വീണ്ടും വീണ്ടും ആ കയ്പ്പ് കൂടിയാതെ ഒള്ളു, ഒടുവിൽ ഒടുവിൽ ഞാൻ മനസ്സിലാക്കി കൈപ്പ് മാറ്റാൻ അല്ല നോക്കേണ്ടത് നമ്മൾ മാറാൻ ആണ് നോക്കേണ്ടത് എന്ന്, അങ്ങനെ ഞാനും മാറി. ' എന്നാൽ എനിക്കറിയാം ഇന്നും ആ കൈപ്പ് അവിടെ തന്നെ ഉണ്ട് പക്ഷെ ഞാൻ അതിനെ അറിയാൻ ശ്രമിക്കുന്നില്ല എന്റെ ഉള്ളിൽ മധുരമാണ്, മടുക്കാത്ത അത്ര മധുരം.
ഇനി എന്താണ് ഇങ്ങനെ ഒരു എഴുത്തിന്റെ ഉദ്ദേശം? വേറെ ഒന്നുമില്ല അറിഞ്ഞോ, അറിയാതെയോ, ഒരുപാട് പേരെ വേദനിപ്പിച്ചിട്ടുണ്ട്, (ഇതൊരു മാപ്പ് ചോദിക്കുന്നതോ, യാത്ര കുറിപ്പോ അല്ല) ഒരുപാട് പേരാൽ വേദനിക്കപ്പെട്ടിട്ടുണ്ട്, ഇപ്പൊ ചിന്തിക്കുമ്പോൾ തോന്നും, എന്തിന്? സമാധാനത്തിന് എത്തി സമാധാനം എന്ന വാക്ക് തന്നെ മറക്കാനോ? ആലോചിക്കുമ്പോൾ ചിരി വരുവാണ്, എല്ലാ സമയത്തും എന്ത് ചെയ്യുമ്പോഴും ഞാൻ എന്റെ മനസ്സിനെ തന്നെ പറഞ്ഞ് പഠിപ്പിച്ച ഒരു കാര്യം ഉണ്ടായിരുന്നു, "എല്ലാത്തിനും എനിക്ക് എന്റേതായ ശരിയുണ്ട്" ഇതായിരുന്നോ എന്റെ ശരികൾ? അല്ല, അതൊന്നും ഞാൻ ആയിരുന്നില്ല, അതൊന്നും എന്റെ ശരികൾ ആയിരുന്നില്ല.
എന്നെ സ്നേഹിച്ച് എന്റെ കൂടെ നിന്ന, ഇപ്പോഴും എന്തിനും കൂടെ ഉള്ള എല്ലാവരോടും സ്നേഹം. എന്റെ കൂടെ നിന്ന് എന്നെ മാറ്റി ഇടുത്ത ആ ഒരുവൻ ഒരുപാട് നന്ദി, ആരെയും മറക്കില്ല കാരണം നിങ്ങളൊക്കെ എന്റെ കൈപ്പുള്ള അനുഭവങ്ങളുടെ അടയാളങ്ങളാണ്, പക്ഷെ, ഞാൻ പറഞ്ഞ പോലെ, സ്വയം മാറി കൊണ്ടിരിക്കുന്ന ഈ വേളയിൽ, സ്വയം മധുരത്തിൽ അലിഞ്ഞ് നിൽക്കുന്ന ഈ നിമിഷത്തിൽ പലരെയും ഞാൻ മറക്കുകയാണ്, കാരണം എനിക്ക് ഞാൻ മാത്രം മതി, ഒപ്പം എന്നെ ഞാൻ ആയി കാണുന്ന ചിലരും, ബാക്കി ആരെയും എനിക്ക് വേണ്ട, നിങ്ങൾ എല്ലാവരും എനിക്ക് അപരിചിതർ ആണ്, എനിക്ക് ഊരോ പേരോ അറിയാത്തവർ. ഞാൻ പല പേരിലും വന്നു എന്ന് ഇരിക്കും, പലരും ആയും സംസാരിച്ചെന്ന് ഇരിക്കും, പലരെയും കാണാതെ ഇരിക്കും, ജാഡ ആണോ? അതെ, ജാഡ ആണ്. സ്വഭാവ സാക്ഷ്യപത്രം തരുന്ന എല്ലാവർക്കും നന്ദി. (ഇതൊരു നന്ദി പറയൽ എഴുത്തല്ല)
അറിഞ്ഞോ, അറിയാതെയോ ഒരുപാട് പേരെ വേദനിപ്പിച്ചിട്ടുണ്ട്, രഹസ്യമായും ഒത്തിരി പേരോട് മാപ്പ് പറഞ്ഞിട്ടും ഉണ്ട്, ഇപ്പോൾ പരസ്യമായും അവരോടെല്ലാം മാപ്പ് ചോദിക്കുവാണ്, മാപ്പ് എല്ലാത്തിനും, മാപ്പ് നിങ്ങളുടെ ഹൃദയം തകർത്തതിന്, മാപ്പ് നിങ്ങളുടെ കാര്യത്തിൽ ഇടപ്പെട്ടതിന്, മാപ്പ് നിങ്ങളെ വെറുപ്പിച്ചതിന്, വേദനിപ്പിച്ചതിന്, എല്ലാത്തിനും, മാപ്പ്! (ഇതൊരു മാപ്പ് പറഞ്ഞ് കൊണ്ടുള്ള എഴുത്തും, അല്ല. എന്നാലും എവിടെയോ ഉണങ്ങാത്ത ചില മുറിവുകൾ ഉണ്ട് ഇപ്പോഴും എന്റെ ഉള്ളിൽ, അതിനായി ശരിക്കും മാപ്പ് )
എനിക്ക് പലരും പലതായിരുന്നു, എല്ലാവരേയും നെഞ്ചിൽ ചേർത്ത് വെച്ചിരുന്നു, എന്തിന്? ഒരിക്കലും കാണാത്ത, ചിലരെ നെഞ്ചിലേറ്റുന്നെ (കാമുകൻ എന്ന ഉദ്ദേശം മാത്രമല്ല ) എനിക്ക് പ്രാന്താണോ എന്ന് പല ക്രാന്തദർശനികളായ പക്വത പൂർണമായ പലരും എന്നോട് ചോദിച്ചിട്ടുണ്ട്, അവരോട് ഞാൻ ഇങ്ങനെ ആണെന്നും, പലപ്പോഴും മറുപടി പറഞ്ഞിട്ടുണ്ട് എന്നാൽ, ഇനി ഒന്നേ പറയാൻ ഒള്ളു 'ഞാൻ അങ്ങനെ അല്ല'.
എന്റെ ജീവിതത്തെ തന്നെ ആവശ്യമില്ലാണ്ട് സ്വാധിനിച്ച പല ആഘാതങ്ങളും ഞാൻ ഇവിടെ നിന്നും തലയിൽ ഏറ്റിയിട്ടുണ്ട്, പലരും പലപ്പോഴും ആയി പറഞ്ഞ പല വാക്കുകളും എന്റെ ഉള്ളിൽ എവിടെ ഒക്കെയോ മുറിവ് ആക്കിയിട്ടുണ്ട് (വീട്ടിൽ ഉള്ളവരെ വിളിയോ ഒന്നും ഒരു പ്രശ്നമല്ല കുറേ കേട്ടിട്ടുണ്ട്, പക്ഷെ അതിനും അപ്പുറം അവരെ എന്റെ പേരിൽ ക്രൂഷിക്കുമ്പോ എന്തോ എവിടെയോ) ആരോടും എനിക്ക് ഒരു ദേഷ്യവുമില്ല, ഇഷ്ടവുമില്ല, നിങ്ങളും ഞാനും വെറും അപരിചിതരാണ്.
ഈ പേരിൽ കേറിയ എന്നെ ഇനി നിങ്ങൾ ആരും അറിയേണ്ടതില്ല, എനിക്കും നിങ്ങൾ ആരെയും അറിയുകയില്ല, ഞാൻ സ്വയം വരുത്തി തീർത്ത ഒരുതരം മറവി എന്നിലുണ്ട്, എനിക്ക് ഒന്നും ഓർമയില്ല, ഒന്നും ഓർക്കുകയുമില്ല. വെറുതെ വിട്ടൂടെ, ഇനി എങ്കിലും?
~ Appu
(Note - ഇപ്പോഴും എന്തിന് ഇങ്ങനെ ഒരു എഴുത്ത്, സമാധാനത്തിന്. എന്തിന് നിങ്ങൾ ഇത് വായിച്ചു, വെറുതെ, ഒരു നേരമ്പോക്കിന്, ഇത്രയും വായിച്ച നിങ്ങൾക്ക് ഒരു അഭിനന്ദനവും.. ഇത് എനിക്കായി ഞാൻ എഴുതി ഇടുന്ന ഒരു ഓർമ്മകുറിപ്പ്, നന്ദി. തെറ്റുകൾക്ക് ക്ഷമ.)