നസീർ ഹുസൈൻ
എഴുതിയത്..

അമ്പത് വയസ് കഴിഞ്ഞിട്ട് പ്രണയിച്ചു നോക്കിയിട്ടുണ്ടോ? രസമാണ്. ചെറുപ്പത്തിലേ പ്രണയം, പലപ്പോഴും, ഹോർമോണുകളുടെ ജ്വലനം മൂലമുള്ള Infatuation പ്രണയമായി തെറ്റിദ്ധരിക്കപ്പെടുന്നതാണെങ്കിൽ, അമ്പത് വയസുകഴിഞ്ഞുള്ള പ്രണയം, ജീവിതത്തിലെ അതുവരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ കൂടുതൽ പക്വമായ ഒന്നായിരിക്കും. ഒന്ന് മറ്റൊന്നിനേക്കാൾ നല്ലതെന്നോ ചീത്തയെന്നോ ഇതിനർത്ഥമില്ല, പക്ഷെ പ്രണയമെന്ന വാക്കിന്റെ അർഥം തന്നെ പുനർനിർവചനം നടത്തുന്ന ഒന്നായിരിക്കും അമ്പതു കഴിഞ്ഞുള്ള പ്രണയം.
അമ്പത് വയസുകഴിഞ്ഞവർ, ജീവിതത്തിലെ കുറെ വിജയങ്ങളും, അതിലേറെ പരാജയങ്ങളും കണ്ടവരായിരിക്കും, പ്രത്യേകിച്ച് വ്യക്തിജീവിതങ്ങളിൽ. ചെറുപ്പത്തിലുള്ള നമ്മൾ ഒരു ചെറുകഥയാണെങ്കിൽ, അമ്പത് വയസുകഴിയുമ്പോൾ വിജയിച്ചതും പരാജയപെട്ടതുമായ കഥകളുടെ ഒരു സമാഹാരമായി മാറും നമ്മുടെ ജീവിതം. സന്തോഷകരമായ ചില ഓർമ്മകളുടെയും , വേദനിപ്പിക്കുന്ന ഓർമകളുടെയും ഒരു കൂമ്പാരം നമ്മുടെ മനസിലുണ്ടാകും. അതുകൊണ്ടുതന്നെ പങ്കാളികളോട് എങ്ങിനെ പെരുമാറണം, എങ്ങിനെ പെരുമാറരുത് എന്നൊക്കെ നമുക്കൊരു മിനിമം ബോധമുണ്ടായിരിക്കും. പലപ്പോഴും തങ്ങളുടെ ഇഷ്ടങ്ങൾ മാറ്റിവച്ച് പങ്കാളിക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്യാനായിരിക്കും ഈ പ്രായക്കാർക്കിഷ്ടം.

കുട്ടികൾ, ജോലി തുടങ്ങി അനേകം ബാധ്യതകളുടെ നടുക്ക് നിന്നായിരിക്കും ഒരുപക്ഷെ ഇവർ പ്രണയിക്കുന്നത്. ചെറുപ്പത്തിലേ പോലെ ഓരോ നിമിഷവും ഫോൺ വിളികളുണ്ടാവില്ല, വിളിക്കാത്തതിൽ പരാതിയോ പരിഭവങ്ങളോ ഉണ്ടാകില്ല. പക്ഷെ സംസാരിക്കുമ്പോൾ മറുപാതിയുടെ ഓരോ വാക്കും വയറ്റിൽ ചിത്രശലഭങ്ങൾ പറത്തുന്നതിന് ഒരു കുറവുമുണ്ടാകില്ല. കുറച്ചുനേരത്തേക്കെങ്കിലും നമ്മൾ പഴയ കാമുകീ കാമുകന്മാരാകും. പണ്ടത്തെപ്പോലെ വേറെ ഒരാളോട് സംസാരിച്ചു ചിരിച്ചു എന്നൊക്കെയുള്ള അസൂയയും പരാതിയുമൊന്നും ഉണ്ടാകില്ല. അതൊന്നുമല്ല പ്രണയമെന്നു ഇതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞവരെല്ലേ നമ്മൾ. പക്ഷെ നോട്ടത്തിലും കെട്ടിപിടുത്തതിലുമൊക്കെ പങ്കാളിയോട് വല്ലാത്ത കരുതൽ ആയിരിക്കും. ഒരുതരത്തിലുമുള്ള യന്ത്രികത ഉണ്ടാകില്ല.
ലൈംഗികതയിലും ഇതുപോലെ തന്നെയാണ്. പരസ്പരം കാണുമ്പോൾ തന്നെ കെട്ടിമറിഞ്ഞു കിടക്കയിലേക്ക് വീഴണമെന്നില്ല. കൈകൾ കോർത്തുപിടിച്ച്, മെല്ലെ, നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും സംസാരിച്ച്, കൈവിരലുകളിലും കാൽ വിരലുകളിലും ഉമ്മകൾ വച്ച്, സമുദ്രത്തിന് ചൂട് പിടിക്കുന്നത് പോലെയുള്ള ഒരു പ്രയാണമായിരിക്കുമത്. സമുദ്രം പക്ഷെ കരയേക്കാൾ തണുക്കാൻ കൂടുതൽ സമയമെടുക്കുമെന്നതാണല്ലോ ശാസ്ത്രം. എന്നിട്ട് വിട്ടുപോകുമ്പോൾ വീണ്ടും കാണുന്നത് വരെ സൂക്ഷിക്കാൻ നെറ്റിയിൽ ഒരുമ്മയും കൊടുക്കും.
പക്ഷെ അമ്പത് കഴിഞ്ഞുള്ള ഭൂരിഭാഗം പ്രണയങ്ങളും ആളുകളുടെ മനസ്സിൽ തന്നെ മരിച്ചുപോകും. ഭൂതകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, പ്രണയം പരാജയപെട്ടു പോകുമോ എന്നുളള പേടി, ഹൃദയം ഒരിക്കൽ കൂടി തകർന്നാൽ താങ്ങാൻ പറ്റില്ലെന്നുള്ള അറിവ് എന്നൊക്കെ കൊണ്ട്, പ്രണയം എന്ന് കേട്ടാൽ പേടിയാകുന്ന അവസ്ഥയിൽ എത്തിയവരായിരിക്കും കുറെ പേരെങ്കിലും. ചെറുപ്പത്തിലെ നമ്മൾ മരിക്കുന്നത് വരെ തീവ്രമായി പ്രണയിക്കണമെന്ന പ്രതിജ്ഞയിൽ നിന്ന്, ഞാൻ നിന്നെ നിശബ്ദമായി പ്രണയിച്ചോളാം, നീ തിരികെ ഒന്നും തരേണ്ട എന്ന നിശബ്ദ സഞ്ചാരത്തിലേക്ക് അധിക ദൂരമില്ല എന്നതാണ് സത്യം. നിന്റെ ദുഃഖങ്ങൾ എനിക്ക് തരൂ എന്ന് കവി പാടിയത് ഒരുപക്ഷെ ഇവരെക്കുറിച്ചായിരിക്കണം.
പലപ്പോഴും ശരീരഭംഗി ഒരു ഘടകമേ അല്ലാത്ത ഒരു പ്രണയമായിരിക്കുമിത്. ചാടിയ കുടവയറുകളും നരച്ച മുടികളും, പ്രസവശേഷം സ്ട്രെച്ച് മാർക്ക് വീണ വയറുകളും മുലകളുമെല്ലാം സ്നേഹപൂർവ്വം തലോടപെടും, ഏറ്റവും പ്രണയത്തോടെ ചുംബിക്കപ്പെടും. നരച്ച മുടിയുള്ള കാമുകിമാർ, കുടവയറുള്ള കാമുകനെ ഒരു പക്ഷെ മകനെ പോലെ മടിയിൽ കിടത്തി ലാളിക്കും, തലമുടിയിൽ തലോടും. ചിലപ്പോൾ ആഴമുള്ള മൗനത്തിലൂടെ അവർ സംസാരിക്കും. നിങ്ങളുടെ മുറിവുകൾ അവരുടെ മുന്നിൽ പൂർണമായും അനാവരണം ചെയ്യപ്പെടും. നിങ്ങൾ നിങ്ങളുടെ ഏറ്റവും ദുർബലമായ ഭാഗങ്ങൾ അവരുടെ മുന്നിൽ തുറന്നു വയ്ക്കും. ജീവിതത്തിൽ ആദ്യമായി നിങ്ങൾ ജഡ്ജ് ചെയ്യപ്പെടാതെ ഒരാൾ നിങ്ങളെ കേട്ടിരിക്കും. നിങ്ങൾ ഏറ്റവും മോശമെന്ന് അത് വരെ കരുതിയിരുന്ന കുറവുകൾ , വളരെ സാധാരണമായ കാര്യങ്ങളാണെന്ന് അവർ നിങ്ങളെ ബോധ്യപ്പെടുത്തും. പരസ്പരം പൂരകമാകുന്ന ഒരു പ്രണയത്തിൽ നിന്ന്, കുറ്റങ്ങളും കുറവുകളും അംഗീകരിക്കുന്ന, അപൂർണരായ മനുഷ്യരാണ് നമ്മളെല്ലാവരും എന്നുള്ള അറിവിലേക്ക് നമ്മൾ പരസ്പരം നടന്നുകയറും. നമ്മുടെ ചിരി പങ്കിടുന്ന, നമ്മുടെ വേദനകൾക്ക് ഇടം നൽകുന്ന, നമ്മെ ആശ്ലേഷിക്കുന്ന, എന്നാൽ അങ്ങിനെ ചെയ്യാൻ ഒരു ബാധ്യതയുമില്ലാത്ത ഒരാൾ, അവരുടെ ആഗ്രഹപ്രകാരം കൂടെ നടക്കുമ്പോൾ, ജീവിതത്തിൽ എന്തൊക്കെ വന്നാലും, നമുക്കൊരിടം ഒഴിച്ചിട്ട് , എന്നും എപ്പോഴും കൂടെ നിൽക്കുക എന്നതും പ്രണയമാണെന്ന്, പ്രണയത്തിന്റെ നിർവചനം നമ്മൾ തിരുത്തിയെഴുതും.
നമ്മുടെ മനസ്സിൽ വച്ചുതന്നെ മരിച്ചുപോയ നൂറുകണക്കിന് പ്രണയങ്ങളുടേത് കൂടിയല്ലേ നമ്മുടെ ജീവിതം...