തൊണ്ട വരളുന്ന പോലെ .. വല്ലാത്ത ദാഹം.. അഗാധ നിദ്രയിൽ ആയിരുന്നതിനാൽ തന്നെ കട്ടിൽ വിട്ട് എഴുന്നേൽക്കാൻ അല്പം മടിച്ചു.മേലാസകലം വിയർപ്പുകണങ്ങൾ പൊടിഞ്ഞിട്ടുണ്ട്.ഈ കറന്റ് ഇന്നെങ്ങാനും വരുവോ! ആത്‍മഗതം പറഞ്ഞു കൊണ്ട് പതിയെ എഴുന്നേറ്റിരുന്നു.. പുറത്ത് മഴ തകർത്തു പെയ്യുന്നുണ്ട്.. സമയം 9 ആയല്ലോ.. നല്ല ഉറക്കമായിരുന്നോ അപ്പോ ഞാൻ! ഇവരിത് വരെ വന്നില്ലേ!എത്താൻ ഇത്ര ലേറ്റ് ആകുമെങ്കിൽ ഇവർക്കൊന്ന് വിളിച്ചു പറഞ്ഞൂടെ.. ഞാൻ ഇവിടെ ഒറ്റക്ക് ആണെന്ന് അറിയുന്നതല്ലേ!ഒന്ന് വിളിച്ചു നോക്കാം. ഇരുട്ടിൽ ഫോൺ തപ്പിയെടുക്കാൻ ആവതും നോക്കി.. കാണുന്നില്ല.. ഇനീപ്പോ ഈ ഫോൺ തപ്പാൻ ഞാൻ ലൈറ്റ് വേറെ നോക്കേണ്ടി വരുല്ലോ.. സോഫയുടെ താഴെ എല്ലാം കൈകൾ പരതി.. അവിടെങ്ങും ഇല്ല.. ശേ!! സൈലന്റ് ആയ കാരണം എനിക്ക് വിളിച്ചിട്ട് ഇനി അവർക്ക് കിട്ടിക്കാണില്ലേ?? എത്ര മാറ്റാൻ നോക്കിയാലും മാറില്ല ഈ സ്വഭാവം.. അറിയാതെ സൈലന്റ് ആയിപോയാലും ശ്രദ്ധിക്കാതെ വിടും..എത്ര വഴക്ക് കേട്ടാലും പഠിക്കില്ല. മഴ വീണ്ടും ശക്തി പ്രാപിച്ചു.. ജനാലക്ക് പുറത്ത് നിന്ന് ഇരുട്ടിൽ ഇടി മിന്നൽ ചിത്രപ്പണികൾ തീർത്തു കൊണ്ടിരുന്നു. ഉള്ളിൽ തെല്ലു ഭയം ഇല്ലായ്ക ഇല്ല.പെട്ടന്ന് ഇരുട്ടിൽ ഒരു നിഴൽ മിന്നൽ വേഗത്തിൽ പാഞ്ഞു.. എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.ഇവിടെ മുൻപ് പല ശബ്ദങ്ങളും കേൾക്കാറുണ്ടെങ്കിലും അതൊന്നും ആരും ഗൗനിച്ചിരുന്നില്ല.. ഇതുവരെ ആരും ഒറ്റക്ക് വീട്ടിൽ നിന്നിട്ടില്ല എന്നു വേണം പറയാൻ. ഇതിപ്പോ വേണ്ടായിരുന്നു പുല്ല്.. കൂടെ പോയാൽ മതിയായിരുന്നു. അത്യാവശ്യം പേടി ഉള്ള കൂട്ടത്തിൽ ആയ കാരണം തന്നെ കൈ കാലുകൾ തളർന്നു.. ഉള്ളിലെ ശബ്ദം പുറത്തേക് വന്നില്ല.. പെട്ടന്ന് ആണ് എനിക്ക് അത് ഓർമ വന്നത്.. ഉള്ളിലെ ഭയത്തെ ചെറുത്തു കൊണ്ട് ഞാൻ അവിടെ നിന്ന് പതിയെ നീങ്ങി.ഇരുട്ടിൽ ചുവരുകൾ അടയാളമാക്കി ഞാൻ മുകളിലെ റൂം ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു.. ഭയം എന്നെ നന്നായി പൊതിഞ്ഞിരുന്നു.. എങ്കിലും എന്നെകൊണ്ട് പോവാതിരിക്കാൻ ആയില്ല.. ഓരോ പടികളും കടന്ന് ഞാൻ മുകളിലെ മുറിയുടെ വാതിൽക്കൽ എത്തി.. പുറകിൽ ആരോ ഉണ്ടെന്ന് സംശയം തോന്നിയിരുന്നെങ്കിലും ഞാൻ തിരിഞ്ഞു നോക്കിയില്ല.. ഡോർ തുറന്ന് അകത്തേക്കു കയറി.. 5,6 അടി നടന്നപ്പോൾ ജനാലക്കരികിൽ എത്തി..ആ കൊടും മഴയിലും ഞാൻ നന്നായി വിയർത്തിരുന്നു.. ഹൃദയമിടിപ്പിന്റെ താളം എനിക്ക് കേൾക്കാമായിരുന്നു .. ക്രമേണ അതിന്റെ വേഗത കൂടി.. കർട്ടൻ നീക്കാനായി ഞാൻ എന്റെ കൈകൾ ചലിപ്പിച്ചു.. സകല ഭയവും മാറ്റി വച്ച് ഞാൻ പൊടുന്നനെ കർട്ടൻ നീക്കി.. "അതേ!!!അപ്പുറത്തെ വീട്ടിലും കറന്റ് ഇല്ല..!!"
Last edited: