• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മൗന നൊമ്പരങ്ങൾ

sebulon

Favoured Frenzy
Chat Pro User
കത്തുകളെയും പ്രതീക്ഷിച്ചു വഴിക്കണ്ണുമായി ഒറ്റമുറി പോസ്റ്റ് ഓഫീസിനുള്ളിലെ അകത്തെ അരണ്ട വെളിച്ചത്തിലെ, കനത്ത ഏകാന്തതയിൽ ഓർമകളുടെ കുത്തൊഴുക്കിലൂടെ നീന്തി നടക്കുകയായിരുന്നു ജയകൃഷ്ണൻ... ഒരു കാലത്ത്‌ കത്തുകളായിരുന്നു സർവ്വസവും...
കത്തുകളുടെ ലോകത്ത്‌ നിറയുന്ന സൗഹൃദങ്ങൾ, അതിന്റെ ഊഷ്മളത, ഇടവേളകളിലുള്ള ആത്മ നൊമ്പരങ്ങൾ…
അത് ഒരു ലഹരിയായിരുന്നു …

ജീവിതത്തിന്റെ ഭാഗമായ വിറളി പിടിച്ചോടുന്ന ഓട്ടപ്പന്തയത്തിൽ വാടിത്തളരുമ്പോൾ ഓർമിക്കാൻ ഇത്തിരി മധുരമുള്ള, മനസമാധാനം കിട്ടുന്ന ഏക കച്ചിത്തുരുമ്പായിരുന്നല്ലോ എന്നും കത്തുകൾ…
അതുകൊണ്ടു തന്നെ പുറത്തെ ചുവരിൽ പതിച്ചിരിക്കുന്ന പഴകിയ ചുവന്ന പെയിന്റ് പൂശിയ ലെറ്റർ ബോക്സിനോടും തീർത്താൽ തീരാത്ത ഒരിഷ്ടം, ബഹുമാനം, ഒരാരാധന....
എത്രയോ ആളുകളുടെ ആകുലതകളും ആശങ്കകളും വീർപ്പുമുട്ടലുകളും നിശബ്ദമായി ഏറ്റുവാങ്ങിയ ലെറ്റർ ബോക്സ്....
ഈ നശിച്ച കാലഘട്ടത്തിൽ ആരെങ്കിലും ഈ ബോക്സിനെ സ്മരിക്കുന്നുണ്ടോ എന്ന് തന്നെ സംശയം .....
അവിടെ നിറം പിടിച്ച, മധുരം കിനിയുന്ന ഒരു പിടി ഓർമകൾ... ഒപ്പം, ഓരോ കത്തുകളുടെയും സുഗന്ധം അയാളിലേക്ക് പരന്നൊഴുകിയിരുന്നു … ഓരോ തരം കത്തുകൾക്കും വ്യത്യസ്ത മണമാണെന്ന് ജയകൃഷ്ണന് തോന്നിയിരുന്നു....
പ്രണയ ലേഖങ്ങൾക്ക് പലപ്പോഴും സുഗന്ധം കൂടും...

വിദേശത്തുനിന്നും പ്രിയ തമയ്ക്കയക്കുന്ന കത്തുകളിൽ മണലാരണ്യത്തിലെ വിയർപ്പിന്റെ ഗന്ധമുണ്ട്...
പലിശ അടക്കാനായി ബാങ്കിൽ നിന്നും അയക്കുന്ന നോട്ടീസുകൾക്ക്, വെന്ത ശരീരത്തിന്റെ മണമാണ്‌...
ഇനിയുമുണ്ട് പലതരത്തിലുള്ളത്... ആശംസാ കത്തുകളാണെങ്കിൽ തണുപ്പിന്റെ ഗന്ധമായിരിക്കും. അമ്മ മകനയയ്ക്കുന്ന കത്തുകളിൽ മാതൃത്വത്തിന്റെ, ഹൃദയത്തിൽ ചാലിച്ച നിലയില്ലാ സ്നേഹത്തിന്റെ മണം അയാൾക്കനുഭവപ്പെട്ടിരുന്നു.
എത്രയോ നല്ല ഊഷ്മള സുദൃഢ സൗഹൃദങ്ങൾ...

ഓരോ കത്തുകളുടെയും ഹൃദയ സ്പന്ദനങ്ങൾ എത്രയോ തവണ തൊട്ടറിഞ്ഞിരിക്കുന്നു... അത് , പലപ്പോഴും തണുപ്പുള്ള, കുളിരുള്ള ഒരു മഴ പോലെയാണ്. വരണ്ടു കിടക്കുന്ന ഭൂവിനെ അത് തഴച്ചു കിളിർപ്പിക്കും. ആരുമില്ലെന്ന തോന്നലിൽ നമ്മൾ വെന്തുരുകുമ്പോൾ, ആരൊക്കെയോ ആയി നമ്മെ സമാധാനിപ്പിക്കാൻ എത്തും ... അത് ഒരു ഉണർവായി നമ്മളിൽ പെയ്തിറങ്ങും.. തലോടാൻ , ആശ്വസിപ്പിക്കാൻ, നമ്മെ പുണരാൻ. സമാധാനത്തിന്റെ ശാശ്വത തലങ്ങളിലേക്ക് നമ്മളറിയാതെ കൂട്ടിക്കൊണ്ടു പോകാനുതകുന്ന കരുത്തുള്ള കത്തുകൾ .....
കത്തുകളുടെ ലോകം അത് മാസ്മരികമാണ് എന്നയാൾ ഇന്ന് തിരിച്ചറിയുന്നു
ആശയങ്ങൾ, ഹൃദയ ഭാഷകൾ, സമ്മിശ്ര സംവേദനങ്ങൾ, വീർപ്പുമുട്ടലുകൾ...

പോസ്റ്റ് ഓഫീസിനു കീഴിലുള്ള മുഴുവൻ ആളുകളുടെയും മേൽവിലാസം തെറ്റാതെ തനിക്കറിയാമായിരുന്നു എന്ന അഹങ്കാരത്തോടെ നടന്നിരുന്നവനായിരുന്നു താൻ... ഇപ്പോഴും പല വിലാസങ്ങളും മനഃപാഠവുമാണ്... ആവശ്യമില്ലെങ്കിലും....!
ശരിക്കും മുഖാമുഖം കണ്ട് മനുഷ്യരോട് സംസാരിച്ചിട്ട് തന്നെ നാളുകളേറെയായിരിക്കുന്നു .....
എത്രയോ നാളുകളായിരിക്കുന്നു ആരെങ്കിലും ഒരു കത്തെഴുതി അതിന്റെ ഉള്ളിൽ ഇട്ടിട്ട്.....
അതിലെ കടന്നു പോകുന്ന ഓരോരുത്തരെയും നോക്കി ആ ചുവന്ന പെട്ടി പ്രതീക്ഷയോടെ നോക്കുന്നുണ്ടാവാം ...
എന്നും കാലത്ത്‌ പത്തു മണിക്ക് തന്നെ പോസ്റ്റ് ഓഫീസ് തുറക്കാറുണ്ട് ... രണ്ടു മണിയാകുമ്പോൾ അടച്ചു വീട്ടിലേക്കും... പതിവ് തുടരുന്നുണ്ടെങ്കിലും കത്തുകൾ കണ്ടകാലം വിസ്‌മൃതിയിലാണ്ടുപോയിരിക്കുന്നു. കത്തുകളെ തെരുപ്പിടിക്കാൻ കൈകൾ കൊതിക്കുന്നു…
കത്തെഴുത്തൊക്കെ എന്നേ ആളുകൾ മറന്നിരിക്കുന്നു...

അത് ഒരു കാലം. കത്തെഴുതുകയും മറുപടി വരുവാൻ ഓരോ നിമിഷവും ഓരോ യുഗം പോലെ കാത്തിരിക്കുകയും ഒടുവിൽ കത്തിന്റെ കവർ പൊട്ടിച്ച് അതിന്റെ ഉള്ളടക്കം കാണുന്നതിന് മുൻപുള്ള ചങ്കിടിപ്പും. എല്ലാം അന്യമായിരിക്കുന്നു. അര്‍ഥമില്ലാതെ ഒരു പോസ്റ്റ് മാസ്റ്ററും പുറത്ത്‌ അനാഥ ജന്മമായി പൊടിപിടിച്ചു പഴകിയ പെയിന്റുമായി ചോദ്യചിഹ്നമായി ലെറ്റർ ബോക്സും.
ഇന്നിന്റെ ആളുകൾ മേൽവിലാസമില്ലാത്തവരായിരിക്കുന്നു എന്ന ചിന്ത തന്നെ അയാളിൽ കടുത്ത വേദനയുളവാക്കി.... പിൻകോഡ് ആവശ്യമില്ലാത്ത, സ്ഥലത്തിന്റെയോ, ജില്ലയുടെയോ, സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ പോലും വിവരം ആവശ്യമില്ലാത്ത, ലോകത്തിന്റെ ഏതൊക്കെയോ കോണിലിരുന്ന്‌ ആശയ വിനിമയം നടത്തുന്നവർ....

ഓല മേഞ്ഞ പഴയ വായനശാലക്കെട്ടിടത്തിന്റെ മൂലയിലെ പച്ചക്കട്ട കെട്ടിയ മണ്ണ് തേച്ച ഒറ്റ മുറിയിലായിരുന്നു... പോസ്റ്റ് ഓഫീസ്... അതിന്റെ മുമ്പിൽ സർവ്വ പ്രൗഢിയോടും കൂടി ചുവന്ന നിറമടിച്ച തപാൽ പെട്ടിയും. പലപ്പോഴും കത്തുകളുടെ ബാഹുല്യം കാരണം അത് നിറഞ്ഞു കവിഞ്ഞിരുന്നു. പിന്നെ കാലത്തു മുതലേ പോസ്റ്റ് ഓഫിസിന്റെ വരാന്തയിൽ ആളുകളുകളുടെ ബഹളമായിരിക്കും. പോസ്റ്റുമാൻ മാധവന് വിശ്രമമില്ലാത്ത ജോലിയും. അയാളുടെ കറുത്ത ഹാൻഡ് ബാഗിനുള്ളിൽ നിറയെ കത്തുകളും മണി ഓർഡറുകളും ചെക്കുകളും രജിസ്റ്റേഡ് പാർസലുകളും ഒക്കെ ആയിരിക്കും.
അയാളുടെ പ്രതീക്ഷകളെ പാടെ അവഗണിച്ചു കൊണ്ട് ആ ചെറുപ്പക്കാരൻ, തുറന്നിട്ട ജാനാലപ്പാളിയോ അതിനകത്തു കണ്ണടവെച്ചിരിക്കുന്ന ജയകൃഷ്ണനെയോ ശ്രദ്ധിക്കാതെ സംസാരം തുടർന്നു കൊണ്ടിരുന്നു.....
ഈ മൊബൈൽ ചാറ്റുകളെല്ലാം ഒരു കാലത്ത് കത്തുകളായി ലെറ്റർ ബോക്സിനുള്ളിൽ വീണിരുന്നതാണല്ലോയെന്നയാളോർത്തു.... അന്ന്, സൗഹൃദങ്ങളായും അഭിപ്രായങ്ങളും, സുഖവിവരം അന്വേഷിക്കലും പ്രണയ സല്ലാപങ്ങളും എല്ലാം കത്തുകളിലൂടെയായിരുന്നല്ലോ.... പുറത്തറിയാത്ത എത്രയോ പ്രണയ രഹസ്യങ്ങളും, മധുര സംഭാഷണങ്ങളും വിരഹത്തിന്റെയും വീർപ്പു മുട്ടൽ അനുഭവിക്കുവാൻ ആർക്കും വേണ്ടാതെ ഒറ്റപ്പെടലിന്റെ തീഷ്ണമായ ദുഃഖത്തിൽ അമർന്നിരിക്കുന്ന ചുവന്ന കളറുള്ള ലെറ്റർ ബോക്സ് മാത്രമേയുള്ളായിരുന്നു അന്ന് …….

ഭാര്യയ്ക്ക് ഗൾഫിന്റെ ചുടുകാറ്റിൽ പിടഞ്ഞുണരുന്ന മധുരം കിനിയുന്ന പ്രേമ ഭാഷണങ്ങളും, മകൻ അച്ഛനയക്കുന്ന ചെക്കിന്റെ ഡ്രാഫ്റ്റുകളും എന്തിനേറെ പറയുന്നു ക്രിസ്മസ് പുതുവത്സര സന്ദേശങ്ങളും എത്രയോ തവണ വീർപ്പടക്കി ഏറ്റു വാങ്ങിയിരിക്കുന്നു...

ഒരു കാലത്ത് എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒന്നായിരുന്നെങ്കിൽ ഇന്ന് ആരും തിരിഞ്ഞു നോക്കാത്ത, കടുത്ത ഏകാന്തതയിൽ മൗനം പേറുന്ന ഒരനാഥ വസ്തുവായിരിക്കുന്നു….

പ്രൗഢിയും പ്രതാപവും നഷ്ട്ടപ്പെട്ട് തലതാഴ്ത്തി നിൽക്കുന്ന പോസ്റ്റ് ബോക്സ് കണ്ടപ്പോൾ അയാൾക്ക്‌ വല്ലാത്ത വേദന തോന്നി... എല്ലാവരുടെയും വീട്ടുപേരുകൾ ഹൃദിസ്ഥമായിരുന്നു, സ്ഥലവും... ഇപ്പോൾ ആർക്കും തന്നെ വിലാസങ്ങളില്ലല്ലോ.... പേരും, മെയിൽ ഐഡികളും മാത്രമല്ലേയുള്ളൂ ഇന്ന്……..
സ്ഥലമോ ജില്ലയോ രാജ്യമോ പിൻകോഡോ ഇല്ലാത്ത മേൽവിലാസം ഇല്ലാത്തവരായിരിക്കുന്നു ഇന്നത്തെ ജനത എന്നയാൾ വേദനയോടെ ഓർത്തു ......
പഴയകാലത്തിന്റെ സൗരഭ്യവും സുഗന്ധവും ആത്മാർത്ഥതയും നഷ്ടപ്പെട്ടിരിക്കുന്നു.....
പല സൗഹൃദങ്ങളും എത്രയോ കാലം ഊട്ടിയുറപ്പിച്ച പോസ്റ്റ് ബോക്സ്...
പിന്നെ ആര് അയക്കാൻ ....
എല്ലാ അറിയിപ്പുകളും മൊബൈലിൽ.... വെറുതെ അയാൾ ലെറ്റർ ബോക്സ് തുറന്നു നോക്കി പതിവുപോലെ അതിനകം ഇന്നും ശൂന്യം.

അകത്തുകയറി കസേരയിൽ വീണ്ടും ഇരിപ്പു തുടർന്നു.. ഒപ്പം, കത്തുകളുമായി ആരെങ്കിലും തേടി വരുമെന്ന പ്രതീക്ഷയിൽ അയാളുടെ കണ്ണുകൾ തുറന്നു കിടന്ന ജനാലപ്പാളികളിലൂടെ റോഡിലേക്കും……
അയാളുടെ മനസ് പറയുന്നുണ്ടായിരുന്നു...
വരും ... വരാതിരിക്കില്ല .
 
Top