• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മഹായാനം

sebulon

Favoured Frenzy
Chat Pro User
പുലർച്ചെയുള്ള ട്രെയിനിൽ കയറുമ്പോൾ
അയാൾക്കൊന്നും തോന്നിയില്ല.
ഒരുതരം മരവിപ്പ് പോലെ.
ജീവിതത്തിലെ ഏറ്റവും പ്രധാനമുള്ള
ഒരു തീരുമാനം ആണ് എടുത്തത്,
എന്നിട്ട് പോലും.

ട്രെയിനിയിൽ സെക്കന്റ്‌ എ. സി. കോച്ചിൽ
ലോ ബെർത്തിൽ അയാൾ ഇരുന്നു.
അടുത്തെ സ്റേഷൻ വരെയുള്ള യാത്രയിൽ
അയാൾ ഏകനാണ്.
മെല്ലെ ഫോണ്‍ എടുത്ത് വിളിച്ചു..

'' രാധികേ , ഞാൻ ട്രെയിനിലാണ്.. റെഡിയല്ലേ..?''
മറുവശത്തെ മറുപടി കേട്ട ശേഷം ഫോണ്‍ കട്ട് ചെയ്തു..

ശരീരത്തെ ഇളക്കി കൊണ്ട് അതിവേഗതയിൽ ട്രെയിൻ പായുകയാണ്..

രാധികയെ കണ്ടത് മുതലുള്ള സംഭവങ്ങൾ
ഓരോന്നായി
അയാളുടെ മനസ്സിൽ തെളിഞ്ഞു..
നിഷ്കളങ്കമായ മുഖം..
ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടം തോന്നിയിരുന്നു..

എന്നാൽ തന്നേക്കാൾ കൂടുതലുള്ള ഇഷ്ടം
അവൾക്കുണ്ടെന്ന്
പിന്നീടാണ് അറിഞ്ഞത്.
ആ ഇഷ്ടം ഒരു പ്രത്യേക ഘട്ടത്തിൽ
തകരുമെന്നായപ്പോൾ
രണ്ടും കൽപ്പിച്ചു മുൻ പിൻ നോക്കാതെ
ഇറങ്ങിയതാണ്..
എല്ലാം ഉപേക്ഷിച്ച് അവളും ഇറങ്ങുകയാണ്..
എന്താകുമെന്നു ഒരു പിടിയുമില്ല..

പലവുരു താൻ ചോദിച്ചതാണ്..
'' നല്ലൊരു ജോലി ഇല്ലാതെ എങ്ങനെ
ജീവിക്കും രാധികേ ?''

'' എനിക്ക് അരുണിനെ വിശ്വാസമാണ്..
എന്തെങ്കിലും ഒരു ജോലി
കിട്ടാതിരിക്കില്ലല്ലോ..? ഉള്ളത് കൊണ്ട് ജീവിക്കാമല്ലോ..''

ആ ഓർമ്മകളിൽ പരതി നീങ്ങവേ ട്രെയിൻ അടുത്ത സ്റ്റെഷനിൽ എത്തി.

അയാൾ പുറത്തിറങ്ങി. തല മുഴുവൻ ഷാളിനാൽ
മറച്ച് ഒരു ബാഗുമായി
നടന്നു വരുന്ന രാധികയെ അയാൾ വേഗം തിരിച്ചറിഞ്ഞു..

''നടന്നല്ലേ വന്നത്...ആരെങ്കിലും കണ്ടോ ?''
'' ഇല്ല..''

അവളെ സീറ്റിൽ കൊണ്ട് ചെന്ന് ഇരുത്തി..
വണ്ടി നീങ്ങവേ കുറച്ചകലെയുള്ള വീട്
അവളൊന്നു നോക്കി..

'' വിഷമിക്കേണ്ട.. ഇന്നല്ലെങ്കിൽ നാളെ തിരിച്ചു വരാലോ..''
അയാൾ ആശ്വസിപ്പിച്ചു..

അവൾക്കും ആ പ്രതീക്ഷയുള്ളത് പോലെ..

'' രാധിക കിടന്നോളൂ.. ഉറക്കമൊഴിഞ്ഞതല്ലേ ?''

അവൾ ഉറങ്ങി എഴുന്നേറ്റപ്പോൾ എട്ടു മണി കഴിഞ്ഞിരുന്നു..

ഉപ്പുമാവ് വാങ്ങിയെങ്കിലും അത് വേറെ എന്തോ
ആയിരുന്നു..
'' നോർത്ത് ഇന്ത്യക്കാർക്കാ ഇപ്പൊ കരാർ..
അവർക്കെന്തു ഉപ്പുമാവ്..!''

മറുവശത്തിരുന്ന വൃദ്ധൻ പിറുപിറുത്തു..
രാധിക എന്തോ ചിന്തയിൽ
ആയിരുന്നു.. അവളെ തന്റൊപ്പം ഇരുത്തി
ആ തല തടവി
ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു
അയാൾക്ക്‌.. പക്ഷെ സാഹചര്യവും,
ഭാവിയെ ഓർത്തുള്ള ആകുലതയും
അതു തടഞ്ഞു.. ഇടയ്ക്ക് ഒന്നാശ്വസിപ്പിച്ചു.

'' പൻവേലിൽ നാളെ ഉച്ചയോടെ എത്തും രാധികേ..
പിന്നെ പേടിക്കാനൊന്നുമില്ല..''

രാധിക തലയാട്ടി.

മനസ്സില് ആധി ഒഴിയുന്നില്ല..
ജോലി ഇല്ലാത്ത കാമുകൻ എങ്ങനെ സുന്ദരിയായ കാമുകിയെയും
കൊണ്ട് ഒരു മഹാ നഗരത്തിൽ ജീവിക്കും ?

''അരുണിന് ഒരുപാട് സുഹൃത്തുക്കൾ ഇല്ലേ..?
അവരൊരു ജോലിക്ക് സഹായിക്കും...പിന്നെന്തിനാണ് പേടിക്കുന്നത് ?''

എല്ലാ സൗഹൃദങ്ങളും ഒരു പരിധിവരെ മാത്രമെന്ന്
എങ്ങനെയാണ് രാധികയോട് പറയാൻ കഴിയുക?
ഒരു പക്ഷെ അതവളെ വേദനിപ്പി ച്ചെങ്കിലോ?
അവൾ വല്ല കടും കൈ ചെയ്താലോ?

ഉച്ചയ്ക്ക് ചോറും ചപ്പാത്തിയും, രാത്രിയിലെ
ചപ്പാത്തിയും ഒക്കെ
പരീക്ഷണമായിരുന്നു.
ഒരു സ്റ്റേഷനിൽ നിന്നും അല്പം
പഴം വാങ്ങിച്ചു കഴിച്ചു.

''രാധിക ഒന്ന് ശ്രദ്ധിച്ചോ ?

'' എന്ത് ?''

''കേരളം വിട്ടാൽ പിന്നെ ആളുകളൊക്കെ
പുകഞ്ഞിരിക്കുന്നത് പോലെ
തോന്നും.. പുകഞ്ഞ മനുഷ്യർ.. ഒരു പക്ഷെ
അമിതമായി വെയിൽ
കൊള്ളുന്നത്‌ കൊണ്ടാവാം..''

അത് കേട്ടതും രാധിക ചിരിച്ചു..

പൻവേൽ എത്തിയതും അരുണ്‍ കയറി..
ഫോട്ടോയിൽ കണ്ട പരിചയമേ
ഉള്ളൂ.. എന്നിട്ടും അരുണിന് മനസ്സിലായി..
''ദേവൻ അല്ലേ ?''

''അതെ..''

''എങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല...
സിനിമകളിൽ മാത്രമേ
ഇങ്ങനെയുള്ള നല്ല മനുഷ്യരെ കണ്ടിട്ടുള്ളൂ..''

അരുണ്‍ നിർത്താതെ സംസാരിച്ചു.. രാധികയെ ആദ്യം കണ്ടതും, പ്രണയിച്ചതും, എല്ലാം..
രാധികയും ആ ഓർമ്മകളിൽ സന്തോഷം പൂണ്ടു..

'' രാധികയുടെ പാരൻസിനെ പറഞ്ഞിട്ടും
കാര്യമില്ല ദേവൻ..അനാഥനും,
ജോലിയില്ലാത്തവനുമായ ഒരാൾക്ക് ആരെങ്കിലും
പെണ്ണ് കൊടുക്കുമോ?''
അരുണ്‍ പറഞ്ഞു.

ദേവൻ ഒന്നും മിണ്ടിയില്ല.. ആരും ആരെ പറഞ്ഞിട്ടും കാര്യമില്ല..
ഏതോ വിധിയിൽ തങ്ങളാൽ കഴിയുന്ന
പ്രകാരം ജീവിക്കുന്ന ജീവികൾ..
മനുഷ്യർ.. ആര് ആരെ പറയാൻ?
എങ്ങനെ തിരുത്താൻ..!
എന്നിട്ടും മനസ്സിൽ നന്മയുണ്ടെങ്കിൽ അത്
പിറന്ന വയറിന്റെ പുണ്യം..!

ഡൽഹി എത്തിയതും അവർക്കൊപ്പം ദേവനും ഇറങ്ങി..
''ഞങ്ങൾ പിതാംപുരയിലേയ്ക്കാണ്..ദേവൻ ?''

''ഞാൻ ഇവിടെ തന്നെ.. നിസാമുദ്ധീനിൽ.. അപ്പൊ ശരി..
കാണാം.. എല്ലാ ആശംസകളും..''.''

ഒരുപാട് നന്ദി പറഞ്ഞു ഇരുവരും പോയി..

രാധികയുടെ കയ്യിൽ കുറച്ചും പണവും സ്വർണ്ണവുമുണ്ട് ... അതിനു ശേഷം..?
അരുണിന് ഒരു ജോലി കിട്ടുമായിരിക്കും.. കിട്ടട്ടെ..
എല്ലാവരും സന്തോഷമായി ജീവിക്കട്ടെ..

വൈകീട്ടായതും ഡൽഹി തണുത്തു വിറച്ചു..
അമ്മയുടെ ഫോണ്‍..

''മോനെ, നീ എവിടെയാ.?''

''ഡൽഹിയിലാ അമ്മെ..''

''അത് പിന്നെ മോനെ.. മോൻ വിഷമിക്കരുത്..
ഒന്ന് പോയാൽ പത്തു
വേറെ വരും.. നല്ലതേ എന്റെ മോനു വരികയുള്ളൂ..''

''എന്താമ്മേ കാര്യം..?''

''അത് പിന്നെ, നിനക്ക് ഉറപ്പിച്ചാ രാധികയില്ലേ,
അവൾ ഒളിച്ചോടി..
മിനിഞ്ഞാന്നെ പോയതാ.. പക്ഷെ വീട്ടുകാര് ഇപ്പോഴാ പറഞ്ഞത്..''

''ഓ അതാണോ.. ഞാൻ പേടിച്ചു പോയി..
എനിക്കൊരു വിഷമവുമില്ല..
അമ്മ വിഷമിക്കാതിരി..''

''ഹോ.. ഇപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്.. ''

അല്പം പരിഭവം പറഞ്ഞു അമ്മ ഫോണ്‍ വെച്ചു..
നേരം ഇരുളുകയാണ്..
ഹോട്ടലിലേയ്ക്ക് മടങ്ങവേ, ദേവൻ ഡണ്‍ഹിൽ
ലൈറ്റ്സ് സിഗരറ്റ്
എടുത്തു കത്തിച്ചു..നല്ല തണുപ്പ്..

രാധികയുടെ കാര്യത്തിൽ അമ്മ പോലും
അറിയാതെ എല്ലാം ചെയ്തു..
ശരിയാണോ ഈ ചെയ്തത് ?

ഒരുപാട് മോഹിച്ചിരുന്നിട്ടും രാധികയെ വിട്ടു
കൊടുത്തു.. അവസാന
നിമിഷമായിരുന്നു അവളെല്ലാം തുറന്നു പറഞ്ഞത്..

''എനിക്കറിയാം.. കല്യാണത്തിന് ഇനി
ഒരാഴ്ച്ചയെ ഉള്ളൂവെന്ന്..
ഞാൻ താലി കെട്ടാൻ തല കുനിച്ചു തരാം..
പക്ഷെ എന്റെ മനസ്സില് ഞാൻ കരയുകയായിരിക്കും..
അരുണില്ലാത്ത ജീവിതം എനിക്കോർക്കാൻ പോലും കഴിയില്ല..
പക്ഷെ ഞാനെന്തു ചെയ്യാനാണ്..?''

ആ കണ്ണീരു അവഗണിച്ചു കല്യാണം
കഴിക്കാമായിരുന്നു..
പിന്നെ അരുണിനെ വെല്ലുന്ന സ്നേഹം കൊണ്ട്
അവളുടെ മനസ്സിൽ സ്ഥാനം നേടാമായിരുന്നു..
ഒക്കെ നഷ്ടമാക്കിയില്ലേ..?

രാത്രി മുഴുവൻ ആ ചിന്തകൾ നിറഞ്ഞു നിന്നു..

പിറ്റേന്ന് പകൽ നിസാമുദ്ധീൻ റെയിൽവേ
സ്റ്റേഷനിൽ നിൽക്കവേ
ഒഴുകി നടക്കുന്ന ജനങ്ങളെ നോക്കി ദേവൻ നിന്നു..
ഓരോ യാത്രകൾ.. ഓരോ മുഖങ്ങൾ..
ഓരോ ലക്ഷ്യങ്ങൾ..
എവിടെയോ തുടങ്ങിയ, എവിടെ
തീരുമെന്നറിയാത്ത യാത്ര..
ഭൂമിയിൽ ഒരു രാജ്യത്ത്, ഒരു കോണിൽ
ഏതോ പെണ്ണിനെ
ഓർത്ത് ദു:ഖിക്കുന്നതെന്തിന് ?

ചെയ്തതാണ് ശരി.. ഒരു പക്ഷെ സ്നേഹം
നല്കി രാധികയെ അരുണിന്റെ ഓർമ്മകളിൽ
നിന്നും മാറ്റാൻ കഴിഞ്ഞേക്കും,
പക്ഷെ എന്നെങ്കിലും ഒരു താരതമ്യം ആ മനസ്സിൽ
നടന്നാൽ അരുണുമൊത്തുള്ള ജീവിതം ഒരു സങ്കല്പ്പമായെങ്കിലും തന്നെക്കാൾ നല്ലതെന്ന്
രാധികയ്ക്ക് തോന്നിയേക്കും..
അതൊരു നിശബ്ദ തേങ്ങലായ് ആ മനസ്സിൽ ഉണ്ടായെന്നുമിരിക്കും..
അവളും ഒരു ജീവിയാണ് ...
അതിനും വികാരവും, വിചാരവുമുണ്ട്...
സ്വന്തം ഇഷ്ടത്തിന് വേണ്ടി ആ ഇഷ്ടങ്ങളെ
അടിച്ചമർത്താൻ ആഗ്രഹമെന്തിന് ?

ഇതിപ്പോ , അരുണുമൊത്തുള്ള ജീവിതം സന്തോഷമാണെങ്കിൽ..
(അങ്ങനെ ആകട്ടെ ) നല്ലൊരു സുഹൃത്തായി
രാധികയെന്നെ കണ്ടെന്നിരിക്കും..
ഇനിയിപ്പോ ആ ജീവിതം സുഖകരമല്ല
എങ്കിൽ (അങ്ങനെ ആകാതിരിക്കട്ടെ)
അവളുടെ ഓർമ്മകളിൽ ഒരു സുഖമുള്ള
നൊമ്പരമായി ഞാൻ മാറിയേക്കും..

രണ്ടായാലും , ഒരാളുടെ ജീവിതത്തിൽ
നന്മ നിറഞ്ഞ ഓർമ്മയാകുന്നത്
പോലെ സന്തോഷം മറ്റെന്തുണ്ട് ?
അത് പോരെ ? ഉം ?

ട്രെയിൻ വന്നു നിന്നു. ദേവൻ അതിൽ കയറി..
അതിൽ നിന്നും ചിലർ ഇറങ്ങുന്നു..
കയറ്റവും.. ഇറക്കവും..
എത്രയോ മനുഷ്യർ .. പല വിധ യാത്രകൾ..

ട്രെയിൻ നീങ്ങവേ പ്ലേറ്റ് ഫോമിൽ ഒരു മൂലയ്ക്ക്
ഇരിക്കുന്ന ഭ്രാന്തൻ സ്വയം എന്തോ പറഞ്ഞു ചിരിക്കുന്നു..
അതെന്തായിരിക്കണം ?
 
എനിക്ക് ഇഷ്ടം ഇല്ലാത്ത ഒന്നാണ് വായന... എന്നാലും നിന്റെ കഥകൾ ഞാൻ വായിക്കും
 
Top