• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രണയത്തെക്കാൾ സുന്ദരം

sebulon

Favoured Frenzy
Chat Pro User
അന്നും പതിവ് പോലെ അവളുടെ അടുക്കളയിൽ വെളിച്ചം അണഞ്ഞപ്പോൾ കൃത്യമായും അയാളുടെ ബാൽക്കണിയിലെ വെളിച്ചവും കെട്ടു..
നേരം വെളുത്തു അവൾ ചെടി നനയ്ക്കാൻ ഇറങ്ങുന്ന അതേ നേരത്തു തന്നെ കൃത്യമായി അയാളും പ്രഭാത നടത്തത്തിറിനിറങ്ങി.. അയാൾ അവളുടെ ഗേറ്റ് എത്തുന്ന നേരം അവൾ കൃത്യം ഗേറ്റിനു മുൻപിലെ ഏഴാമത്തെ ചട്ടിയിൽ വെച്ച മഞ്ഞ ജമന്തിക്ക് വെള്ളമൊഴിക്കാൻ എത്തിക്കാണും... പരസ്പരം ഒരു നോട്ടം.. ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി..
മതി.. ആ ഒരു ദിവസം അവർക്ക് സന്തോഷിക്കാൻ... അതിൽ കൂടുതൽ ഒന്നും വിധവയായ ആ നാൽപ്പത്തി രണ്ടു കാരിയും ഭാര്യയും മക്കളുമുള്ള ആ അമ്പതുകാരനും ആഗ്രഹിച്ചിട്ടില്ല..
വളരെ നല്ല ചുറ്റുപാടിൽ ജീവിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു അവളുടെ ഭർത്താവ് പെട്ടന്ന് മരണപ്പെട്ടത്.. ഏക മകൾ വിദേശത്തു പഠിക്കുന്നു.. പെട്ടന്ന് വന്നു പൊതിഞ്ഞ ഏകാന്തതയെ മറികടക്കാൻ അവൾ ഒരുപാട് ശ്രമിച്ചു... ഒരുവേള അദ്ദേഹം കൂടെ ഉണ്ടെന്നു കരുതി ജീവിക്കാൻ ശ്രമിച്ചു നോക്കി.. എന്നാൽ ഒറ്റപ്പെടൽ ഭീകരമായ ഒരു യാഥാർഥ്യം ആണല്ലോ..
രണ്ടു തരത്തിൽ ഒറ്റപ്പെടാം മനുഷ്യന്... ഒന്ന് ആരും കൂടെയില്ലാതെ ഒറ്റപ്പെട്ടു പോകുന്നത്.. രണ്ടാമത് എല്ലാരുമുണ്ടായിട്ടും ഒരാളുടെ ഇല്ലായ്മയിൽ ഒറ്റപ്പെട്ടു പോകുന്നത്.. അവളുടെ കാര്യത്തിൽ രണ്ടു തരത്തിലും ഒറ്റപെട്ടു പോയ.. ഏകാന്തതയിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരുവൾ...
അയാളാവട്ടെ ഭാര്യയും മക്കളും ഒക്കെ ആയി സന്തുഷ്ടമായ ജീവിതത്തിൽ പോയിക്കൊണ്ടിരിക്കുന്നു.. പെട്ടെന്നൊരു ദിവസം അവിചാരിതമായി അയാൾ അവളെ ശ്രദ്ധിച്ചു... വൈകിട്ട് ആറു മണിയാകുമ്പോളേക്കും ജനലുകളും വാതിലും കൊട്ടിയടച്ചു അകത്തേക്ക് കയറുന്ന അവളെ. പരിചയമില്ലാത്ത ആളുകളെ തീർത്തും അവഗണിക്കുന്ന അവളെ... പരിചയമുണ്ടായിരുന്നവരെ കൂടെ ഒരു പരിധിക്ക് അപ്പുറം അടുപ്പിക്കാത്ത അവളെ..
വെറുതെ അയാൾ ഒന്നോർത്തു നോക്കി ആ അവസ്ഥയിൽ കൂടെ കടന്നു പോകേണ്ടി വരുന്ന കാര്യം. ഭാര്യയും മക്കളുമില്ലാതെ നിക്കേണ്ടി വരുന്ന ഒന്നോ രണ്ടോ രാത്രികൾ വരെ മദ്യത്തെ ആശ്രയിച്ചായിരുന്നു ഉറക്കം പോലും.. ഇനിയീ ജീവിതത്തിൽ അങ്ങോട്ട് ഒറ്റയ്ക്കാണ് എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കേണ്ടി വന്ന ഒരുവളുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ അയാൾക്ക് സാധിച്ചു..
അന്ന് മുതൽ അയാൾ അവളെ നിരീക്ഷിച്ചു കൊണ്ടിരുന്നു.. അവൾ അടുക്കളയിൽ നിൽക്കുന്ന രാത്രികളിൽ അയാൾ പുറത്തെ ബാൽക്കണിയിലെ വെളിച്ചം തെളിയിച്ചിട്ടു.. രാത്രിയിൽ അവളുടെ വീട്ടിലെ എല്ലാ വെളിച്ചവും അണഞ്ഞതിനു ശേഷം അയാൾ വന്നു കിടക്കാൻ തുടങ്ങി.. രാവിലെ അവൾ എണീറ്റു മുറ്റത്തേക്കിറങ്ങുന്ന നേരത്തയാൾ നടക്കാൻ ഇറങ്ങാൻ തുടങ്ങി.. അവൾ പോലും അറിയാതെ അയാൾ അവളുടെ കാര്യങ്ങളിൽ ശ്രദ്ധ കൊടുത്തു തുടങ്ങി..
വായനയെ ഇഷ്ടമായിരുന്ന അവൾ ഇടയ്ക്ക് മുറ്റത്തെ ചെടിതോട്ടത്തിലുള്ള ഊഞ്ഞാലിൽ വന്നിരുന്നു വായിക്കുന്നത് കണ്ടപ്പോൾ കുറച്ചു പുസ്തകങ്ങൾ അയാൾ അവൾക്കായി കൊറിയർ ചെയ്തു.. ഒപ്പം ഒരു കുറിപ്പും..
“ഇതൊരു സമ്മാനമായി കാണേണ്ടതില്ല... വായിച്ചു കഴിഞ്ഞാൽ തിരിച്ചേൽപ്പിക്കാം.. അതല്ല സ്വന്തമായി സൂക്ഷിക്കാൻ ആണെങ്കിൽ അങ്ങനെ.. പുസ്തകങ്ങളെക്കാൾ നല്ല കൂട്ടുകാരില്ല.. എന്നും എപ്പോളും അവരുമായി ചങ്ങാത്തത്തിൽ ആയിരിക്കാൻ ശ്രമിക്കൂ.. ആരും ആർക്കും പകരമാവില്ല.. എങ്കിലും ഒറ്റക്കല്ല എന്ന് കരുതിക്കൊള്ളൂ... സ്നേഹത്തോടെ തൊട്ടടുത്തു നിന്നും..”
അവൾ അത്ഭുതപെട്ടു.. വായിക്കാൻ ആഗ്രഹിച്ച കുറച്ചു പുസ്തകങ്ങൾ ആയിരുന്നു അതിൽ... ഒരാഴ്ച്ചയ്ക്കകം അവളാ പുസ്തകങ്ങൾ വായിച്ചു തീർത്തു.. വീണ്ടും വീണ്ടും വായിക്കണമെന്ന ആഗ്രഹം അവളിൽ ഉടലെടുത്തു.. അടുത്തുള്ള ലൈബ്രറിയിലെ നിത്യ സന്ദർശകയായി മാറാൻ അവൾക്കധികം സമയം വേണ്ടി വന്നില്ല...
അയാൾക്കതു വലിയ സന്തോഷമായി.. ലൈബ്രറിയിൽ നിന്നും മടങ്ങുന്ന ഒരു ദിവസം അയാൾ അവളോട്‌ പറഞ്ഞു നല്ല വായനക്കാർക്ക് എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാനും ഉള്ള കഴിവുണ്ടാവും.. ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ...
ഒരു വാടിയ ചിരി മാത്രം നൽകി അവൾ നടന്നകന്നു.. വീടെത്തിയ അവൾ, എപ്പോളും കയ്യിൽ കൊണ്ട് നടക്കുന്ന അവളുടെ എഴുത്ത് പുസ്തകം മെല്ലെ തുറന്നു.. അതിലവളുടെ ഓർമകൾ, യാത്രകൾ, കുഞ്ഞു വരികൾ അങ്ങനെ കുറെ അധികം കുറിപ്പുകൾ ഉണ്ടായിരുന്നു... അവൾ എഴുതി അവൾ മാത്രം വായിച്ചിരുന്നു അവളുടെ കുഞ്ഞു സന്തോഷങ്ങൾ..
ഒരുപാട് ആലോചിച്ച ശേഷം അവൾ ആ എഴുത്തുകൾ ഒരു പുസ്തകം ആക്കുന്നതിനെ കുറിച്ച് തീരുമാനത്തിലെത്തി.. അതിനു വേണ്ട കാര്യങ്ങൾ ഒക്കെ വളരെ ചുറുചുറുക്കോടെ ചെയ്യാൻ തുടങ്ങി.. ഒടുവിൽ അവളുടെ ആ സ്വപ്നം പൂവണിഞ്ഞു...
അതിന്റെ ആമുഖത്തിൽ അവൾ ഇങ്ങനെ എഴുതി, “എന്നിലെ വായനക്കാരിയെ വിളിച്ചുണർത്തിയതിന്, എന്നിലെ എഴുത്തുകാരിയെ ലോകത്തിനു കാണിച്ചു കൊടുക്കുന്നതിന്, ഞാൻ പോലുമറിയാതെ എന്നെ നിരീക്ഷിക്കുന്നതിന്, ആരുമാർക്കും പകരമാവില്ലെങ്കിലും ആരൊക്കെയോ ആണെന്ന് എന്നെ തോന്നിപ്പിക്കുന്നതിനു, സ്നേഹത്തിന്റെ ഒരു കവചം കൊണ്ടെന്നെ ചേർത്ത് നിറുത്തിയതിന്.... നന്ദി...”
പുസ്തകം ഇറങ്ങി ആദ്യ കോപ്പി അവൾ അയാൾക്ക് അയച്ചു കൊടുത്തു... പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദവും അത്ഭുതവും ഒക്കെയായിരുന്നു അയാൾക് ആ പുസ്തകം ലഭിച്ചപ്പോൾ..
അയാൾ ആലോചിച്ചു... അവൾ തനിക്കാരാണ്, താൻ അവൾക്കാരാണ്.. സ്ത്രീയും പുരുഷനും ആയതു കൊണ്ട് മാത്രം ബോധിപ്പിക്കേണ്ടി വരുന്ന അവസ്ഥയാണോ ഇത്.. അത് കൊണ്ട് മാത്രമല്ലെ നിശബ്ദമായി അവളെ ഇങ്ങനെ ശ്രദ്ധിച്ചു കൂടെ നിർത്തേണ്ടി വന്നത്..
അങ്ങനെ എങ്കിലും സാരമില്ല.. അവൾ തനിക്കാരൊക്കെയോ ആണ്.. താൻ അവൾക്കും... അവളുടെ ഒരു സ്വകാര്യതയിലേക്കും കടന്നു കയറാതെ അവൾക്കു വേണ്ട ഒരു പിന്തുണ നൽകാൻ തനിക്കായിട്ടുണ്ട്... തുടർന്നും അതുണ്ടാവും.. ഒരു നോട്ടത്തിലൂടെ... ഒരു ചെറു പുഞ്ചിരിയിലൂടെ... അവൾക്കായി തെളിയിച്ചിടുന്ന വെളിച്ചത്തിലൂടെ.. ഇടയ്ക്കു വല്ലപ്പോളും പറയുന്ന ഒന്നോ രണ്ടോ വാക്കുകളിലൂടെ ഒക്കെയും...
ചില ബന്ധങ്ങൾ അങ്ങനെയാവും... സൗഹൃദത്തിലേക്ക് പോലും എത്തിക്കാനാവാതെ.. എന്നാൽ വളരെ നിശബ്ദമായി... ശാന്തമായ മനസ്സോടെ നമ്മൾ ഒരാളെ നമ്മളോട് ചേർത്ത് നിർത്തുമ്പോൾ.. അപ്പുറം നിൽക്കുന്ന ആൾക്ക് അതൊരു തണലായി മാറുമ്പോൾ അതിനോളം മനോഹരമായ മറ്റൊന്നും ഇനിയുണ്ടാകാനില്ല.. പ്രണയത്തേക്കാളും സുന്ദരം.
 
Top