നീ അറിയാതെ പോയൊരിഷ്ടമുണ്ടായിരുന്നു എനിയ്ക്ക് നിന്നോട്..ഞാൻ നിന്നിലേക്കെത്താൻ കൊതിയ്ക്കുമ്പോഴെല്ലാം അതറിയാതെ നീയെന്നിൽ നിന്നും അകലുകയായിരുന്നു..നിന്നോട് പറയാതെ പോയൊരിഷ്ടങ്ങളൊക്കെയും എന്റെ നെഞ്ചിനുള്ളിലൊരു വിങ്ങലായിരുന്നു.നിന്നെ നഷ്ടപ്പെടുത്താനും മാത്രം വലിയൊരു ഹൃദയമൊന്നും എനിയ്ക്കുണ്ടായിരുന്നില്ല..എന്നെങ്കിലുമൊരിയ്ക്കൽ നീയെന്റെ വിരൽത്തുമ്പിൽ വന്നുചേർന്നേക്കാം എന്നൊരു പ്രതീക്ഷമാത്രം എനിയ്ക്കുണ്ടായിരുന്നു.അതിനായി എന്റെ ഹൃദയത്തിന് ചുറ്റും ഞാനൊരു പൂന്തോട്ടമുണ്ടാക്കി.കാത്തിരിപ്പിന്റെ നൊമ്പരം നനച്ചു ഞാനാ ചെടികൾ വളർത്തിയെടുത്തു..അവയുടെ വേരോട്ടത്തിന്റെ ആഴം തിരിച്ചറിഞ്ഞ വസന്തമാവട്ടെ എനിയ്ക്കായി അതിൽ നിറയെ നിനക്കേറെ പ്രിയപ്പെട്ട പൂക്കൾ സമ്മാനിച്ചു..ആ പൂക്കളിലത്രയും ഞാനെന്റെ പ്രണയത്തിന്റെ മാധുര്യം നിറച്ചുവെച്ചു. അവ നുകരാനായി നീയാപൂന്തോട്ടത്തിൽ വന്നുചേർന്നു.. ഒടുവിലെൻ ഹൃദയവും നിറഞ്ഞുപോയി..