എവിടെയാണ് മനസ്സിലെ താളം പിഴച്ചതെന്ന് അറിയില്ലായിരുന്നു. കഥയറിയാതെ ആട്ടമാടുകയായിരുന്നു കഴിഞ്ഞ ഏതാനും വർഷങ്ങൾ. ആദ്യമെല്ലാം താനൊരു അസുരവിത്തെന്ന് പലരും പറഞ്ഞു കേട്ടപ്പോൾ ചിലപ്പോ ആയേക്കുമെന്ന് സ്വയം വിശ്വസിച്ചു പോന്നു. പറയുന്നത് നുണയെങ്കിലും പലയാവർത്തി പറഞ്ഞാൽ അതൊരു സത്യമാണോ എന്നു തോന്നും വിധം. ആത്മീയ തലത്തിൽ ചിന്തിക്കാൻ പ്രേരണ ഉള്ളതിനാൽ തന്നെ പ്രായമേറിയപ്പോൾ സ്വയം എന്തെന്നും ആരെന്നും എന്തിന് ആയിരുന്നെന്നും അറിയാൻ തുനിഞ്ഞിറങ്ങി. പോകെ പോകെ ഓരോ ചോദ്യങ്ങൾക്കും ഉത്തരം തന്നിൽ വന്നടിയുമ്പോൾ ഉറ്റവരോടും ഉടയവരോടും കാരണമറിയാത്ത വിരോധം. അതൊരു വെറുപ്പായി മാറിയേക്കാം. ആരും സ്വയം തെറ്റായി മണ്ണിൽ ജനിച്ചു വീഴുന്നില്ലല്ലോ. "കാരണമറിയാതെ പഴികളിലൂടെ തഴമ്പിച്ച മനസ്സുകളെ ഒന്ന് കേട്ടിരുന്നെങ്കിൽ ഇന്ന് പല തെറ്റുകളും ശരികൾ ആയി മാറിയേനെ..." ♥