
അന്നൊരു മഴക്കാലത്ത് കുന്നിന്മുകളിലെ ഈ അമ്പലനടയിൽ മുടി പിന്നിയിട്ട കറുത്ത പൊട്ട് തൊട്ട ഒരു ഉണ്ടക്കണ്ണി പാവാടക്കാരിയെ കണ്ടുമുട്ടിയ നിമിഷംമുതൽ എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ് ഈയിടം, മഴയിൽ വീണ ചെമ്പകപ്പൂക്കൾ പെറുക്കിയെടുത്ത് അമ്മയുടെ കയ്യും പിടിച്ച് നീ നടന്നകലുന്നത് കൗതുകത്തോടെ ഞാൻ നോക്കി നിന്നു. അന്ന് പെയ്തുതുടങ്ങിയതാണ് മനസ്സിൽ പ്രണയത്തിന്റെ പെരുമഴ ...
പിന്നീടൊരിക്കൽ അമ്പലമുറ്റത്ത് കാർത്തിക വിളക്കിന് നിറഞ്ഞു കത്തുന്ന ദീപങ്ങൾക്കിടയിൽ പച്ച പാട്ടുപാവാടയുടുത്ത നിന്നെ കാണുമ്പോൾ നിൻ്റെ കണ്ണുകളിൽ വിരിഞ്ഞ ആ നാണത്തിൻ മധുരം ഇന്നുമെന്റെ നെഞ്ചിലുണ്ട്.
കീറിയെടുത്ത പുസ്‌തക താളിലെ നടുപ്പേജിൽ കുഞ്ഞു കുഞ്ഞു വരികളാൽ മനസ്സിലെ സ്വപ്നങ്ങൾ പരസ്‌പരം പങ്കുവെക്കുമ്പോഴും കാവിലെ ഉത്സവത്തിന് നിനക്കായ് വാങ്ങിയ കുപ്പിവളകൾ സമ്മാനിക്കുമ്പോഴും
കത്തി നിൽക്കുന്ന പ്രണയ തീക്ഷ്‌ണതയിലും ജോലിക്കായ് പുറംനാട്ടിലേക്ക് പോകേണ്ടിവന്നപ്പോൾ കാർമേഘങ്ങൾ തൊണ്ടയിൽ കനത്തു നിന്നുകൊണ്ട് ശബ്ദങ്ങളൊക്കെയും മഴക്ക് വിട്ടുകൊടുത്ത് നീയും ഞാനും എത്ര നേരമങ്ങനെ നിശബ്‌ദരായി നിന്നതെന്ന് ഓർമ്മയുണ്ടോ പെണ്ണേ... മുഖത്ത് ഇറ്റുവീണ മഴത്തുള്ളികളിൽ കണ്ണീരുപ്പ് കലർന്ന്, ഇനിയെന്നിതുപോലെ ചേർന്ന് നിൽക്കാൻ കഴിയുമെന്നറിയാതെ നാമിരുവരും ഇരു ദിശകളിലേക്ക് നടന്നകന്നു.
എത്ര മഴക്കാലങ്ങൾ കഴിഞ്ഞുപോയി ചെമ്പകം എത്രയോ പൂക്കൾ പൊഴിച്ചു ...പിന്നീട് ഒരു പൊന്നിൻ താലിയാൽ നിന്നെയെൻ ജീവിത സഖിയായ് കൂടെ കൂട്ടിയതും നമുക്കേറെ പ്രിയപ്പെട്ട ഈയിടത്ത് നിന്നുതന്നെ . ഇന്ന് വർഷങ്ങൾക്കിപ്പുറം ഈ ചാറ്റൽ മഴയിൽ വീണ്ടും കൈകോർത്ത് നിന്നോട് ചേർന്നിരുന്ന് മഴ നനയുമ്പോൾ ആ ഓർമ്മക്കായ് നമുക്കുമേൽ പൂക്കൾ കൊഴിക്കാൻ കൊതിക്കുന്നുണ്ടാകും ഈ ചെമ്പകമരവും ....ഒന്നിച്ച് നനഞ്ഞുതീർക്കാൻ ഇനിയും എത്രയോ മഴക്കാലങ്ങൾ ബാക്കി അല്ലേ ?