മൂളിപ്പാട്ട് പാടാത്ത മനുഷ്യരുണ്ടാവില്ല....ഞാനും നിങ്ങളും ഒക്കെ അറിയാതെ തന്നെ നമ്മുടെ ചുണ്ടിൽ അത് തത്തിക്കളിക്കുന്നു..... വിരസമായ ഒരു വെള്ളിയാഴ്ച ഉച്ചക്ക് വാഷ്‌റൂമിലേക്കുള്ള ഊഴം കാത്തു നിന്ന എൻ്റെ ചുണ്ടിലും വിരുന്നു വന്നു അതുപോലെയൊരു മൂളിപ്പാട്ട്....ഒരുപക്ഷെ ജീവിതത്തിൽ ഒരിക്കലും ഞാൻ ഇനി പാടില്ലെന്ന് തീരുമാനം എടുപ്പിച്ച പാട്ട്....ഡോർ തുറന്നു പുറത്തു വന്ന ഏതോ മുതിർന്ന വിദ്യാർത്ഥിനി അന്നെന്നോട് പറഞ്ഞ വാക്കുകൾ.. “ഇനി മേലിൽ നീ പാടിപ്പോകരുത് , പശുവിന്റെ കരച്ചിൽ പോലെയുണ്ട് നിന്റെ ശബ്ദം” , എന്ന് എന്നിലെ പാട്ടുകാരിയെ പരസ്യമായി അപമാനിക്കുമ്പോൾ ചുറ്റുമുള്ളവർ ചിരിക്കുന്നുണ്ടായിരുന്നു....പണ്ടും വിഷമം വന്നാൽ വളിച്ച ചിരി ചിരിച്ചുകൊണ്ട് നില്ക്കാൻ എനിക്ക് നല്ല കഴിവാ ......ഒരു കാലത്തിനും ആ വാക്കുകൾ എൻ്റെ ഉള്ളിൽ അന്ന് കോറിയിട്ട മുറിവുണക്കാൻ കഴിഞ്ഞിട്ടില്ല...എൻ്റെ നീതി അതൊരിക്കലും കാലത്തിന്റെ കണക്കു പുസ്തകത്തിൽ ടാലി ആയിട്ടില്ല....ഒരു പന്ത്രണ്ടു വയസുകാരിയുടെ മനസ്സിലേൽപ്പിച്ച മുറിവുകൾ അത് വളരെ വലുതാണ് ....അതേ, കാലം ഇന്നെനിക്ക് അതിലേറെ തന്നു കടം വീട്ടി പക്ഷെ , പിന്നീട് ഒരിക്കലും , എന്തിനേറെ ഈ നിമിഷം വരെ ഒരു പാട്ടുപോലും ഞാൻ പാടിയിട്ടില്ല ഒരിടത്തും. എന്നിലെ കൗമാരക്കാരിയുടെ ആത്മവിശ്വാസം തകർത്ത സംഭവമായിരുന്നു അത് ..കഴിവുകൾ എല്ലാവര്ക്കും ഒരുപോലെയല്ല.... കുറവുകളും അതെ..... മറ്റൊരാൾക്ക് അലോസരമാകാത്ത രീതിയിൽ എൻ്റെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവകാശം എനിക്കുണ്ട്.... സുഹൃത്തേ , അന്നത്തെ എൻ്റെ പാട്ടിന്റെ ഭംഗി ആസ്വദിക്കാനുള്ള കഴിവ് നിങ്ങളുടെ കാതുകൾക്കില്ലാതെ പോയി....ആ കുറവിനെ ഞാൻ ഇന്ന് ബഹുമാനിക്കുന്നു.... കാരണം കുറവുകൾ മനുഷ്യന്റെ തെറ്റല്ല..
"മറ്റൊരാളുടെ കുറവിനെ നോക്കി ചിരിക്കുമ്പോൾ ഒന്നോർക്കുക ; നമ്മൾ നമ്മുടെ കുറവുകൾ സൗജന്യമായി പ്രദർശനത്തിന് വയ്ക്കുകയാണെന്നു."
"മറ്റൊരാളുടെ കുറവിനെ നോക്കി ചിരിക്കുമ്പോൾ ഒന്നോർക്കുക ; നമ്മൾ നമ്മുടെ കുറവുകൾ സൗജന്യമായി പ്രദർശനത്തിന് വയ്ക്കുകയാണെന്നു."