• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അവൾ ❤️

sulthan

Wellknown Ace
ഒരു വെള്ളിയാഴ്ച്ച ആണ് ഞാൻ അവളെ ആദ്യമായിട്ട് കാണുന്നെ.ജൂൺ മാസത്തിലെ ഒരു വെള്ളി. കോളേജ് ലെ പതിവ് അലച്ചിലും വായിനോട്ടവും പഠിത്തവും തമാശകളും കഴിഞ്ഞ് ബസ് കാത്തു നിക്കുവാർന്നു ഞാൻ.ഒള്ളത് പറയാലോ കെഎസ്ആർടിസി ബസ് കാത്ത് നിക്കുന്നത് പോലെ ചടപ്പ് പിടിച്ച പരിപാടി വേറൊന്നില്ല. കാത്തിരിപ്പിനൊടുവിൽ ബസ് വന്നു. എന്താ ഒരു തിരക്ക്. അള്ളി പിടിച്ച് എങ്ങനെ ഒക്കെയോ അകത്ത് കേറി. "അങ്ങോട്ട് നീങ്ങി നിക്കാഡോ ഫുട്ബോൾ കളിക്കാനുള്ള സ്ഥലമുണ്ടല്ലോ" കണ്ടക്ടറിൻ്റെ പതിവ് ഡയലോഗ് എത്തി. പറയണ കേട്ട തോന്നും അങ്ങേര് ഇതിനകത്താണ് എന്നും കളിക്കണെന്നു... ഫുട്ബോളെ.. ഉന്തി തള്ളി മുന്നോട്ട് നീങ്ങിയപ്പ അറിയാണ്ട് എൻ്റെ കയ്യ് ആരുടെയോ മുഖത്ത് ഇടിച്ച്. കയ്യ് വലിച്ചിട്ട് നോക്കിയപ്പോ ധോണ്ടെ ആ ഉണ്ടാക്കണ്ണി എന്നെ നോക്കി പേടിപ്പിക്കുന്നു. അയ്യോ അറിയാതെ പറ്റിയതാണ് സോറി എന്ന് പറയാൻ തുടങ്ങുമ്പോഴേക്കും അവൾ തുടങ്ങി കഴിഞ്ഞിരുന്നു."എവിടെ നോക്കിയാടോ നടക്കണേ കണ്ണ് കണ്ടൂടെ ബാക്കി ഉള്ള ആൾക്കാർ ഇരിക്കണേ കണ്ടൂടെ...". ഇതൊക്കെ കേട്ടിട്ട് വെറുതെ വിടാൻ പറ്റോ നമ്മുക്ക്. ഞാൻ വലിയ വായിൽ നീ ആരാടി എന്നോട് ചൂടാവൻ എന്ന് ചോദിക്കാൻ പോയതും ബസ് ബ്രേക്ക് പിടിച്ചതും ഞാൻ ബാലൻസ് തെറ്റി സൈഡിലെ കമ്പിയിൽ തല കൊണ്ടിടിച്ചതുമെല്ലാം നിമിഷ നേരം കൊണ്ട് നടന്നു. പോയ കിളികളെല്ലാം കൂട്ടിൽ കയറിയപ്പോ അവ്യക്തമായി ആരുടെയൊക്കെയോ അടക്കി ചിരികൾ കേട്ടു..കൂട്ടത്തിൽ ആ പിശാഷിൻ്റെം.കാണ്ട മൃഗം കണ്ട സല്യൂട്ട് അടിച്ച് പോവുന്ന മാതിരി തൊലിക്കട്ടിയുള്ള എനിക്ക് ഇതൊക്കെ ഏൽക്കോ...ചമ്മി നാറി അഴിവി തൊളിഞ്ഞിട്ടും ഇതൊന്നും എന്ന ബാധിക്കണ കാര്യമല്ല എന്ന ഭാവത്തിൽ ഒറ്റ നിപ്പാർന്നു പിന്നെ...ഇതിനിടയിൽ ആ പിശാഷ് പോയതൊന്നും ഞാൻ അറിഞ്ഞത് കൂടെ ഇല്ല..ഒടുവിൽ ഇറങ്ങാൻ നേരം ഒന്നു ഓടിച്ചു നോക്കിയപ്പോ അവൾ അവിടെ ഇല്ലാർന്നു.പിന്നെ വീടെത്തി കുളിക്കാൻ കേറിയപ്പഴ ഇതൊക്കെ ഒന്നൂടെ ഓർത്തെ "അവൾ ആരാന്ന അവൾടെ വിചാരം അവൾക്കേ അവൾക് ഞാൻ ആരാന്ന് അറിയില്ല..നിന്നെ എൻ്റെ കയ്യിൽ കിട്ടൂടി..."
ഇങ്ങനെ ഒരിക്കലും നടക്കാത്ത പ്രതികാര ചിന്തകളും മാസ്സ് കാണിക്കണതും ആലോയിച്ച് കുളി കഴിഞ്ഞതറിഞ്ഞില്ല. അന്നു പിന്നെ പ്രത്യേകിച്ച് ഒന്നും ഉണ്ടായില്ല.പിറ്റേന്ന് ഞാൻ സ്വല്പം കൂടെ നേരത്തെ ഇറങ്ങി ബസ് സ്റ്റാൻഡിൽ പോയി...കാരണം മറ്റത് തന്നെ ഇന്നലത്തെ പോലെ തിരക്കിൽ വലിഞ്ഞ് കേറി ആർടേം വായിലിരിക്കണ കേക്കാൻ ഞാൻ തയ്യാറല്ലായിരുന്നു.സ്റ്റാൻഡിൽ ആണേൽ സീറ്റും കിട്ടും.പതിവ് പോലെ ബസ് വന്നു. സൈഡ് സീറ്റ് പിടിച്ചു.കെഎസ്ആർടിസി സമയം പാലിക്കണതിൽ അടിപൊളി ആയൊണ്ട് വെറും 20 മിനിട്ടു മാത്രേ താമസിച്ചോളൂ.. അടുത്ത സ്റ്റോപ്പിലേക്ക് ബസ് എത്താറായപ്പോ ആ കുട്ടി പിശാഷ് ബസ് കാത്ത് നിക്കുന്നെ കണ്ടു.. "ഹല്ല ഇതിപ്പോ ലാഭായല്ലോ തേടിയ വള്ളി കാലിൽ ചുറ്റിയല്ലോ...നീ ഇങ്ങ് വാടി നിൻ്റെ കുന്തളിപ്പ് ഇന്ന് മാറ്റി തരാമെന്നൊക്കെ സ്വയം ആലോയിച്ചിരുന്നപ്പോ ബസ് അവിടെ നിർത്തി.ഞാൻ അവളെ തന്നെ സൂക്ഷിച്ച് നോക്കി അവൾ എന്നേം. പക്ഷെ എന്തോ അവളുടെ മുഖത്ത് ഒരു കള്ള ചിരിയാണ് ഞാൻ കണ്ടേ.. എനിക്ക് ആണേൽ അത് കണ്ടപ്പോ എന്നെ ആക്കി ചിരിക്കണ പോലെയാ തോന്നിയേ.. പക്ഷെ അപ്പോഴാണ് ഒരു കാര്യം ഞാൻ ശ്രദ്ധിച്ചേ അവൾ നടക്കുമ്പോ എന്തോ വ്യത്യാസമുണ്ട് ഒരു കാൽ നാച്ചുറൽ അല്ലാത്ത പോലെ..അതൊരു വെപ്പ് കാലാണെന്നു എനിക്ക് മനസ്സിലായി..അത്രേം നേരം ഇവൾക്കിട്ടു രണ്ടെണ്ണം കൊടുക്കണമെന്ന് വാഷി പിടിച്ച മനഃസാക്ഷി മലരൻ കൂറ് മാറി..നീ ഒരു മനുഷ്യനാണോ ഈ കാലു വയ്യാത്ത കൊച്ചിനോടണോ നിൻ്റെ പ്രതികാരം എന്നൊക്കെ മനഃസാക്ഷി മലരൻ എന്നോട്..പെട്ടെന്നാണ് എൻ്റെ ചിന്തകളെ കീറി മുറിച്ച് കൊണ്ട് "ഒന്നു നീങ്ങി ഇരിക്കോ" എന്നൊരു ചേദ്യം കാതിൽ പതിക്കുന്നത്. പിന്നെ എല്ലാം യാന്ത്രികമായിരുന്നു. ഞാൻ നീങ്ങിയതും അവൾ എൻ്റെയടുത്ത് ഇരുന്നതും ബസ് എടുത്തത്തുമെല്ലാം ഒരു മായ പോലെ തോന്നി എനിക്ക്. രണ്ടാമതും എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത് അവളുടെ വിളിയാണ്
"അതെ സോറി കേട്ടോ ഇന്നലെ ഞാൻ ഓവർ റിയാക്ട് ചെയ്ത് പോയി..ആക്ച്വലി ഞാൻ ഇന്നലെ ഒട്ടും ഒക്കെ അല്ലാർന്നു അതാ"
പിന്നെ നീ ഒക്കെ അല്ലെങ്കി കണ്ടവൻ്റെ മെക്കിട്ടണോ കേറുന്നെ എന്ന് ചോദിക്കാൻ വന്ന ത്വരയെ പിടിച്ച് നിർത്തി കൊണ്ട്
"അത് സാരമില്ല ഞാൻ ശ്രദ്ധിക്കാണ്ട് വന്നത് കൊണ്ടല്ലേ... ഇറ്റ്സ് ഒക്കെ" എന്ന് പറഞ്ഞ് ഒരു ചിരി ഞാനും ചിരിച്ചു.
"ഹാം അല്ല തലക്കിപ്പഴും വേദന ഉണ്ടോ"
ങ്ങേ എൻ്റെ തലക്ക് അയിനു പ്രെഷ്‌ണമില്ലല്ലോ എന്ന് പറഞ്ഞ് അവളെ നോക്കിയപ്പഴ കണ്ടെ തെണ്ടി എന്നെ നോക്കി ചിരി കടിച്ച് പിടിച്ചിരിക്കുവാ..
"അപ്പോ ഇന്നലെ കമ്പിക്കു ബലം ഉണ്ടോന്നു നോക്കിയതാവുമല്ലേ"
വീണ്ടും അവൾടെ കളിയാക്കി ചോദ്യം.
സ്വന്തമായിട്ട് ചളി പറഞ്ഞിട്ടിരുന്ന് കിണിക്കുന്ന അവളോട് വന്ന പുച്ഛം മനസ്സിൽ ഒളിപ്പിച്ചുകൊണ്ട് ഞാനും ഒന്ന് ഇളിച്ചു കാണിച്ചു. പിന്നെ കുറച്ച് നേരം ഒരു നിശബ്ദത ആയിരുന്നു. ഇടക്കൊന്ന് പാളി നോക്കിയപ്പോ ഫോണിൽ തോണ്ടി എന്തോക്കെയോ ചെയ്യുവാർന്നു അവൾ.ഒടുവിൽ ഞാൻ തന്നെ ഈ നിശബ്ദത ഭേദിച്ചു
"അല്ലടാ ഈ കാലിന് എന്താ പറ്റിയെ..."
ചോയിച്ച് കഴിഞ്ഞപ്പഴ പറഞ്ഞത് അപത്തമായോ എന്ന് എനിക്ക് തോന്നിയേ. പക്ഷേ അവളുടെ മുഖത്ത് അപ്പോഴും ഒരു പുഞ്ചിരിയാ ഞാൻ കണ്ടേ.
"അതൊരു വലിയ ഓർമയുടെ അവശേഷിപ്പാടോ..ചെറുപ്പത്തിലേ ഡിഫൻസിൽ കയറണമെന്നാർന്നു എൻ്റെ ആഗ്രഹം അമ്മേം അച്ഛനും എല്ലാം എതിർത്തതാ ആദ്യം...പക്ഷെ അവരയൊക്കെ സമ്മതിപിച്ച് ഞാൻ ട്രെയിനിംഗ് ചെയ്തു. ഒടുവിൽ സെലക്ഷൻ പ്രൊസസ്സിൽ മെഡിക്കൽ വരെ പാസ് ആയതാണ്. ഒത്തിരി സന്തോഷായിരുന്നു എനിക്കും അച്ഛനും. തിരികെ സ്വീറ്റ്സ് ഒക്കെ മേടിച്ച് വീട്ടിലേക്ക് വരണ വഴി ഒന്നു ആക്സിഡൻ്റായി..എതിരെ വന്ന കാറിന് ബ്രേക്ക് പോയതാർന്നു. ഞാൻ തെറിച്ചു വീണത് ഒരു ബസ് ൻ്റെ അടിയിൽ"
ഇത്രേം കേട്ടപ്പോ അറിയാണ്ട് എൻ്റെ കണ്ണ് നിറഞ്ഞു പോയി. പക്ഷേ ഇത്രേം വിഷമം ഒളിപ്പിച്ചും അവളത് പറഞ്ഞപ്പോ ഒരിക്കലും അവൾടെ മുഖത്ത് ആ പുഞ്ചിരി മാഞ്ഞതായി ഞാൻ കണ്ടില്ല..
"എടോ സോറി കേട്ടോ ഞാൻ വീണ്ടും അതൊക്കെ ഓർമിപ്പിച്ചു അല്ലെ"
"അയ്യോ അതൊന്നും കൊഴപ്പമില്ല..പിന്നെ താനായിട്ട് ഒന്നും ഓർമ്മിപ്പിക്കാൻ ഞാൻ അതൊന്നും മറന്നിട്ടില്ലാലോ..അങ്ങനെ മറക്കാനും പറ്റില്ലല്ലോ"
ഇത് കേട്ടപ്പോ ഞാൻ വീണ്ടും ഒന്നൂടെ ഡെസ്പ് ആയി. അപ്പോഴ അവൾ വീണ്ടും തുടർന്നത് "കാര്യമൊക്കെ ശെരിയാ...എന്നാലും നമുക്കങ്ങ് വിട്ടു കളയാൻ പറ്റോ മാഷേ..എൻ്റെ ഒരു കാൽ അല്ലെ പോയോള്ളൂ എൻ്റെ മനസ്സിൻ ഒരു കോട്ടവും പറ്റീലല്ലോ...എനിക്ക് ചിലപ്പോ പട്ടാളക്കാരി ആയിട്ട് രാജ്യത്തെ സേവിക്കാൻ പറ്റില്ലായിരിക്കും പക്ഷെ പട്ടാളക്കരിയെ പോലെ ജീവിക്കാമല്ലോ..എന്നെ കൊണ്ട് പറ്റുന്ന പോലെ രാജ്യത്തെ സേവിക്കമല്ലോ"
അവളുടെ ഈ വാക്കുകളിൽ ഞാൻ കണ്ടത് അടങ്ങാത്ത ആത്മവിശ്വാസം ആയിരിന്നു. ആ ആത്മവിശ്വാസത്തിൻ്റെ മുമ്പിൽ ഞാൻ അടക്കമുള്ള ഭീരുക്കൾക്ക് തല കുമ്പിട്ട് നിക്കാനെ യോഗ്യതയുള്ളൂ..
വീണ്ടും അവിടൊരു നിശബ്ദത തളം കെട്ടി. അപ്പോഴാണ് അവളുടെ പേര് പോലും ചോയ്ച്ചില്ലല്ലോ എന്ന് ഓർത്തെ.അത് ചോദിക്കാനായി തിരിഞ്ഞതും
"എടോ എൻ്റെ സ്റ്റോപ്പ് എത്താറായി..ഞാൻ
എണീക്കുവാ " എന്നവൾ പറഞ്ഞത്.
"ആടൊ ശെരി...നാളെ വരൂലെ" എന്ന എൻ്റെ ചോദ്യത്തിന് "ഇല്ലെഡോ ഇന്നെൻ്റെ ഇവിടത്തെ ലാസ്റ്റ് ഡേ ആണ്. ഇന്ന് ഞങ്ങൾ ഇവിടുന്നു സ്ഥലം മാറുവാ"
അത് കേട്ടപ്പോ എന്തോ മനസ്സിൽ ഒരു നൊമ്പരം, പ്രിയപെട്ടതെന്തോ നഷ്ടാവുന്നത് പോലെ. ഉടനെ മനസാന്നിധ്യം കൈവരിച്ചു ഞാൻ പറഞ്ഞു
"അപ്പോ ഇതൊരു ആദ്യത്തേം അവസനത്തേം കൂടിക്കാഴ്ച്ച ആയിരുന്നല്ലേ.."
അതിനവൾ ഒന്നു ചിരിച്ചു. തിരിച്ചെന്തോ പറയാൻ തുടങ്ങുമ്പോഴേക്കും ബസ് സ്റ്റോപ്പിൽ നിർത്തിയിരുന്നു. അവൾ അവിടെ ഇറങ്ങീട്ടും എന്നെ ഒന്ന് തിരിഞ്ഞ് നോക്കി ചിരിച്ച് ബൈ പറയാൻ മറന്നില്ല.

എന്താല്ലേ.. ഇന്നലെ ഇവളെ ആദ്യം കണ്ടപ്പോൾ ഒരിക്കൽ പോലും കരുതീല ഇങ്ങനൊക്കെ ആയി തീരുമെന്ന്. ഇപ്പൊ എനിക്ക് അവളോടൊരു ഇഷ്ടം മാത്രേ ഉള്ളൂ.. നിമിഷം നേരം കൊണ്ട് അവളോട് തോന്നിയ റെസ്‌പെക്ടീന്ന് ഉണ്ടായ ഇഷ്ടം.

"പേരറിയാത്ത പ്രിയപെട്ട കൂട്ടുകാരി,
നിന്നെ ഞാൻ ഇനി കാണുമോ എന്ന് എനിക്കറിയില്ല...പക്ഷെ നിന്നോളം എൻ്റെ മനസ്സിനെ സ്വാധീനിച്ച ഒരുവൾ വേറെയില്ല.. നീ എന്നും എൻ്റെ ഉള്ളിൽ ഉണ്ടാവും എൻ്റെ പ്രിയപ്പെട്ടതായി.."

c227f25e-4c6b-40ac-837b-b2421169a851.jpeg
 
വെറുതെ ഒരു ആഗ്രഹത്തിൻ്റെ പുറത്ത് കുത്തി കുറിച്ചതാണ്... മോശായ്പോയെങ്കി ക്ഷമിക്കണം :Cwl:
 
Top