നിയന്ത്രണങ്ങളാൽ ബന്ധിച്ച കൂട്ടിൽ അവൾക്കു കാത്തിരുന്നു കിട്ടിയ മാണിക്യമായിരുന്നവൻ.താഴെ വീണുടയാതിരിക്കാൻ ഉള്ളം കയ്യിൽ കൂട്ടിപിടിച്ചു അകമഴിഞ്ഞ് സ്വയം അവനു മുന്നിൽ അർപ്പിച്ചു.. എവിടെയോ വന്ന അവനിലെ പാകപ്പിഴവിൽ അവൾ പോലുമറിയാതെ ഉള്ളം നുറുങ്ങുകയായിരുന്നു.. ജീവനറ്റ ശവമായി മാറുകയായിരുന്നു.അവന്റെ കണ്ണിലെ ചിത്തരോഗിയായി അവൾ മാറിയപ്പോഴും തന്നെ ഉത്കണ്ഠയുടെ ആഴക്കടലിലേക്ക് വലിച്ചെറിഞ്ഞതല്ലേ എന്നവൾ വിലപിച്ചു.ആൾക്കൂട്ടത്തിൽ തനിയെ വളർന്ന അവളെ ഏകാന്തതയുടെ കാരാഗ്രഹത്തിൽ തളച്ചിടൽ ആയിരുന്നു അവൻ അവൾക്കു നൽകിയ ശിക്ഷ.. മുറിവേറ്റ ഓർമ്മകൾ തന്റെ അബോധാവസ്ഥയിൽ കിടന്നുറങ്ങുമ്പോഴും ഉള്ളം തുറക്കാനാവാതെ അവൾ സ്വയം വിധിയെ പഴിച്ചു.മറ്റുള്ളവരുടെ കണ്ണിൽ ശനി ബാധിച്ച ജന്മം ആയപ്പോൾ സ്വന്തം മുറിക്കുള്ളിൽ അവൾ മറ്റൊരു ലോകം നെയ്തു.അവിടെ അവൾ ആടിപ്പാടി പരാതി പറഞ്ഞു ചിരിച്ചു കരഞ്ഞു ഓർമകളിലെ തന്റെ പ്രാണനെ നെഞ്ചോട് ചേർത്തു മയങ്ങി.. അവൾ തന്റെ ലോകത്തിൽ തീർത്തും ചെറുപ്പമായി.. ഇന്നും ആദ്യമായി അവന്റെ കൈകൾ ചേർത്തു പിടിച്ച ആ മധുരപതിനേഴുകാരി.പടിഞ്ഞാറേ അറ്റത്തെ ജനാല തുറന്നാൽ അവളുടെ ഓർമ്മകൾ ശരവേഗത്തിൽ പായുമായിരുന്നു.എന്നും സൂര്യൻ അസ്തമിക്കുന്ന കാഴ്ച്ചയിൽ അവളുടെ കണ്ണിൽ അവന്റെ ഓർമ്മകൾ വെട്ടിത്തിളങ്ങാറുണ്ട്.മനോഹരമായ പുഞ്ചിരിയിൽ അവളുടെ കണ്ണുകൾ ഈറനണിയാറുണ്ട്.ഇതൊന്നുമറിയാതെ അവൻ മറ്റൊരു ദിശയിൽ സഞ്ചരിച്ചോണ്ടിരുന്നപ്പോൾ അവന്റെ തിരിച്ചു വരവിനായി അവൾ കാലങ്ങളോളം കാത്തിരുന്നു.. തനിക്കു പകരം മറ്റൊരാൾ ഉണ്ടാവുമോ എന്ന പേടി സ്വപ്നം അവളെ ഉറക്കത്തിൽ നിന്നും എന്നുന്നേക്കുമായി പറിച്ചു മാറ്റി.. ആ ഭയാനകമായ ഏകാന്തത അവളിൽ കാട്ടുവള്ളി പോലെ വരിഞ്ഞു ചുറ്റിയത് അവൾ പോലും അറിയാൻ വൈകി.. മരണത്തെ ഭയത്തോടെയും കൗതുകത്തോടെയും ഒരേ സമയം അവൾ നോക്കികണ്ടു.ഇന്നുമവൾ കാത്തിരിക്കുന്നുണ്ട് ..അവൻ തന്നിൽ വന്നു ചേരുമെന്ന പാഴ്മോഹത്താൽ..കുറച്ചു മുന്നേ അവൻ വന്നിരുന്നു.. തന്റെ കാൽക്കൽ വീണു കുറെ കരഞ്ഞു. ഇത്രയും കാലം അകറ്റി നിർത്തിയതിന് സ്വയം പഴിച്ചു.. ഫലമെന്ത്!! ഞാൻ മണ്ണോടലിഞ്ഞില്ലേ!! ഈ ഭൂമിയിൽ വന്നു നീ മുട്ടുകുത്തി കരഞ്ഞാൽ എന്റെ കാത്തിരിപ്പിന് വിരാമമാകുമോ? ഞാൻ സ്നേഹിച്ചതും കാത്തിരുന്നതും നിന്നെ ആയിരുന്നു.. നിന്നെ മാത്രം."സമയമുള്ളപ്പോൾ എന്റെ മുറിക്കുള്ളിൽ നീ ഒന്ന് ചെന്നു തനിച്ചിരിക്കൂ.. അവിടെ നിനക്ക് കാണാം ഉറക്കമില്ലാതെ തഴമ്പിച്ച കണ്ണുകൾ.. അവിടെ നിനക്ക് കേൾക്കാം അലമുറയിട്ട് കരയുന്ന ചില നിലവിളികൾ.. അവിടെ നിനക്ക് അറിയാം കാത്തിരിപ്പിന്റെ മനം മടുപ്പിക്കുന്ന ഗന്ധം"♥
Last edited: