• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അമാവാസിയിലെ മഴമേഘങ്ങൾ

sebulon

Favoured Frenzy
Chat Pro User
ജനാലകൾ തനിയെ അടഞ്ഞുതുറക്കുന്ന ശബ്ദംകേട്ടാണു പുറത്തേക്കു നോക്കിയത്. സമയം അർദ്ധരാത്രി പന്ത്രണ്ടുമണിയായിരിക്കുന്നു. പതിനൊന്നരവരെ ഞാൻ ‘കല്യാണിയെന്നും ദാഷായിണിയെന്നും പേരുള്ള രണ്ടു സ്ത്രീകളുടെ കതയെന്ന’ പുസ്തകം വായിച്ചുകൊണ്ടിരുന്നു. ഉറക്കം പതിയെ കണ്ണുകളെ തഴുകാൻ തുടങ്ങിയപ്പോൾ മടിച്ചുമടിച്ചു കട്ടിലിൽ നിന്നുമെണീറ്റു മുഖം കഴുകി വീണ്ടും ബെഡ്ഡിൽ വന്നിരുന്നു. കിടക്കവിരിയുടെ വലിയ ഇതളുകളുള്ള ചുവന്നപൂവിലിരുന്ന കല്യാണിയും ദാഷായിണിയും എന്നെ കണ്ടതും വർത്തമാനം നിർത്തി. ഞാൻ വീണ്ടും പുസ്തകത്തിന്റെ വെളുപ്പിലേക്കു കണ്ണുനട്ടു. അപ്പോഴാണു കിടപ്പുമുറിയുടെ ജനാലച്ചില്ലുകൾ ശബ്ദമുണ്ടാക്കുന്നത്. എനിക്കു വായിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ഡിസ്റ്റർബൻസും സഹിക്കാൻ കഴിയില്ല. എന്നെ ഇത്രമാത്രം ദേഷ്യം പിടിപ്പിക്കുന്ന മറ്റൊരു സംഗതിയില്ല. പല്ലു കടിച്ചുകൊണ്ടു വീണ്ടുമെഴുന്നേറ്റു ജനലിനടുത്തേക്കു നടന്നു. നീലനിറമുള്ള ജാലകവിരിയുടെ ഞൊറികൾക്കുമപ്പുറം മഞ്ഞനിറമുള്ള ജനൽകമ്പിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഇരുട്ടിന്റെ കുറുമ്പൻമാർ. മുറ്റത്തെ മുല്ലവള്ളികളിലും മുല്ലവള്ളികൾക്കു മുകളിലെ ആകാശത്തും കരിമഷിപോലെ രാത്രി കനത്തു കിടന്നു. അപ്പോഴാണു വെള്ളിടി വെട്ടുന്നതുപോലെ എനിക്കാ കാര്യമോർമ്മ വന്നത്. ഇന്നമാവാസിയാണ്!
പിതൃക്കൾക്കു ബലിയിടുന്ന വിശ്വാസികളുടെ ചിത്രം രാവിലെ വായിച്ച പത്രത്തിന്റെ മുൻപേജിൽ കണ്ടതോർത്തു. ഇന്നു മോഷം ലഭിക്കാത്ത ആത്മാക്കളിൽ ചിലർ സ്വർഗ്ഗകവാടത്തിന്റെ ഇടുങ്ങിയ ഇടനാഴികടന്നു ദൈവത്തിന്റെ പൂന്തോട്ടത്തിൽ വെളുത്ത അപ്പൂപ്പൻത്താടികളായി പൊഴിഞ്ഞു വീഴും.
"അപ്പോൾ ബാക്കി ചിലരോ?" ഓർമ്മയിൽനിന്നുമൊരു പത്തു വയസ്സുകാരൻ ചോദിക്കുന്നു.
"ബാക്കി ചിലർ കല്ലറയും പൊളിച്ച് ഉടലോടെയിന്നിറങ്ങി വരും. അവർ ബാക്കിവെച്ച സ്വപ്നങ്ങൾ സ്വന്തമാക്കാൻ.. അവരുടെ ആഗ്രഹങ്ങൾ സാധിക്കാൻ. "
"അയ്യോ മുത്തശ്ശീ അവർ നമ്മളെ ഉപദ്രവിക്കുമോ?" പത്തുവയസ്സുകാരന്റെ ശബ്ദത്തിൽ പുറത്തെ ഇരുട്ടുപോലെ ഭയം കലരുന്നു.
"ഹഹഹ... മോൻ പേടിക്കേണ്ട കേട്ടോ. അവർ അവരുടെ പാടു നോക്കി പൊക്കോളും. എന്നാലും ഇന്നു രാത്രിയിൽ എന്തെങ്കിലും ശബ്ദം കേട്ടാൽ ശ്രദ്ധിക്കാൻ നിക്കരുത്. ശ്രദ്ധിച്ചാൽ അവർ നമ്മുടെയടുത്തേക്കു പറന്നുവരും. ദാ ഇങ്ങനെ. "
മുത്തശ്ശി താൻ പുതച്ചിരുന്ന കരിമ്പടം വിടർത്തി നടന്നു കാണിച്ചു.
"വേണ്ട മുത്തശ്ശീ പേടിയാകുന്നു."
"പേടിയെല്ലാം പോകാൻ രാമനാമം ജപിച്ചു കിടന്നാൽ മതി. രാമ രാമ.. പറഞ്ഞേ.."
"രാമ രാമ.."
"മിടുക്കൻ"
കാതിൽ വീണ്ടും മുത്തശ്ശിയുടെ ചിരി മുഴങ്ങുന്നു. മുറ്റത്തെ ഇരുട്ടിൽ പറക്കുന്ന രണ്ടു മിന്നാമിനുങ്ങുകൾ. ദൂരെയെവിടെയോനിന്നും മരത്തിന്റെ ചില്ലകളൊടിയുന്ന അപശബ്ദം കാതിലേക്കെത്തിയതും തെല്ലു പേടിയോടെ ജനാല വലിച്ചടച്ചു. തൊട്ടടുത്ത് ആറളംവനമാണ്. എനിക്കു വായിക്കാനുള്ള മൂഡു പോയി. കല്യാണിയെയും ദാഷായണിയെയും അലമാരയിൽ വെച്ചു പൂട്ടി ഞാൻ ലൈറ്റണച്ചു. ഈ രാത്രിക്കു വെളിച്ചമൊട്ടും ചേരില്ല.
പ്രേതങ്ങളുടെ ശക്തി പൂർവാധികം വർദ്ധിക്കുന്ന കെട്ട രാത്രിയാണിത്. അവരുടെ സ്വന്തം കർക്കിടകരാത്രി. ചുമ്മാ കിടന്നാലോചിച്ചപ്പോൾ എനിക്കു ചിരിവന്നു. കല്ലറകൾ പൊളിച്ചു മഞ്ഞുകൊണ്ടു നെയ്ത വസ്ത്രങ്ങളണിഞ്ഞ് ആത്മാക്കളിപ്പോൾ യാത്രയ്ക്കൊരുങ്ങുകയാകും. ഞാൻ മുറിയിലെ ഇരുട്ടിലേക്കു നോക്കി കൈകൾ വിരിച്ചവരെ അനുഗ്രഹിച്ചു.
"പ്രിയ സഹോദരങ്ങളേ ഇനിയും ആഗ്രഹിക്കുക. ജീവിച്ചിരുന്നപ്പോൾ വളരെയധികം കൊതിച്ചിരുന്ന കാര്യങ്ങൾ സ്വന്തമാക്കാൻ ഈ രാത്രിയുടെ കറുപ്പ് നിങ്ങൾക്കു തുണയായിരിക്കട്ടെ."
അപ്പോഴെനിക്കു വീണ്ടും മുത്തശ്ശിയെ ഓർമ്മവന്നു. ഈ ഇരുട്ടിൽ മുത്തശ്ശി എന്നെയുംനോക്കി നിൽക്കുന്നുണ്ടാകുമോ. ചെറിയൊരു കാറ്റു പോലുമില്ലാതെ അടഞ്ഞുതുറന്ന ജനാലയുടെ ശബ്ദത്തിലൂടെ എനിക്കരികിലേക്കു പറന്നുവന്നതു മുത്തശ്ശിയായിരിക്കുമോ?ആലോചിച്ചപ്പോൾ കുളിരു കോരി. മുറിയിൽ കഷായത്തിന്റെ മണം നിറയുന്നതറിഞ്ഞ ഞാൻ മൂക്കു വിടർത്തി പിടിച്ചു.
സമയമിന്ന് എത്ര ഇഴഞ്ഞാണു നീങ്ങുന്നത്. ഈ രാത്രിക്കൊരു അവസാനമില്ലാത്തതു പോലെ. പുറത്തുനിന്നുമൊരു നേർത്ത ശബ്ദം. ചരൽ വിരിച്ച മുറ്റം മഴയിൽ കരയുന്നു. എന്റെ കണ്ണുകൾ തിളങ്ങി. ഞാൻ കാതുകൾ കൂർപ്പിച്ചു.
"ആത്മാക്കളുടെ കരച്ചിലാണു മഴ. പട്ടുപോലെയുള്ള മേഘങ്ങളിൽ ജീവിച്ചിരുന്നപ്പോൾ അവർ കരഞ്ഞുതീർത്ത കണ്ണുനീർ ശേഖരിക്കപ്പെടുകയും പിന്നീടതു മഴയായി പെയ്യുകയും ചെയ്യുന്നതാണ്."
ആരാണിതെന്നോടു പറഞ്ഞതെന്നു ഞാനിപ്പോൾ ഓർക്കുന്നില്ല.
പെട്ടെന്നു പെയ്ത മഴയിൽ കിട്ടിയ വെളിപാടു പോലെ എന്റെ ഫോൺ റിങ് ചെയ്തു. ഞാൻ ഞെട്ടിയുണർന്നു. അലമാര തുറന്ന് ഒരു വെളുത്ത കൂടെടുക്കുമ്പോൾ കല്യാണിയതിലേക്കു കൊതിയോടെ നോക്കി. അവരെയും ഉറക്കത്തിലാണ്ട ദാഷായണിയെയും മൈൻഡു ചെയ്യാതെ ബൈക്കിന്റെ ചാവിയുമെടുത്തു ധൃതിയിൽ പുറത്തേക്കു നടന്നു. ഈ രാത്രിയെനിക്ക് അവരെപ്പോലെയങ്ങനെ ഉറങ്ങിത്തീർക്കാൻ കഴിയുകയില്ല. ഞാനൊരു കുട കൂടി കൈയിൽ കരുതി.
ഈ കാളരാത്രിയിൽ ഇത്ര വൈകി എവിടെപ്പോകുന്നുവെന്നായിരിക്കും നിങ്ങളുടെ ചോദ്യം. എന്തിനു പോകുന്നുവെന്നു ചോദിക്കണം. ഞാൻ പോകുന്നത് അവളെ കാണാനാണ്. അതെ അവളെ തന്നെ. എന്റെ വട്ടു കൂട്ടുകാരിയെ. ഇടവേലിയെന്ന സ്ഥലത്തെ ക്രിസ്ത്യൻപള്ളിയുടെ ആളൊഴിഞ്ഞ റബ്ബർത്തോട്ടങ്ങൾക്കിടയിലെ സെമിത്തേരിയിൽ മഞ്ഞിന്റെ കനമുള്ള നേർത്ത കുപ്പായമണിഞ്ഞ് അവളെനിക്കായി കാത്തിരിക്കുന്നു. അവളാണു കുറച്ചുമുമ്പ് മിസ്സ്കോളടിച്ചത്. മനുഷ്യരാരെങ്കിലും ഈ (അ)സമയത്ത് സെമിത്തേരിയിലും മറ്റും പോകുമോ എന്നതായിരിക്കും നിങ്ങളുടെയടുത്ത പൊട്ടച്ചോദ്യം. എന്നാൽ ഇതും കൂടി കേട്ടോ. ഈ പാതിരാത്രിയിൽ ഞാനവിടെപ്പോകുന്നത് അവളോടൊപ്പമിരുന്നൊരു ചിക്കൻബിരിയാണി കഴിക്കാനാണ്. അവളൊരു വല്ലാത്ത ബിരിയാണിക്കൊതിച്ചിയാണു കേട്ടോ.
മഴ ശക്തി പ്രാപിച്ചു തുടങ്ങി. റോഡിലൊരു വെളുത്ത സ്വപ്നംപോലെയുയരുന്ന മഴയുടെ മതിൽക്കെട്ട്. എനിക്കറിയാം ഇന്നെന്തായാലും മഴ പെയ്യും. ഞാൻ അലമാരയിൽ നിന്നെടുത്ത നിലാവിന്റെ വെളുപ്പുള്ള പ്ലാസ്റ്റിക്ക്കൂടിൽ രണ്ടു ബിരിയാണിയും അതുവെച്ചു കഴിക്കാനുള്ള ഡിസ്പ്പോസിബിൾ ടൈപ്പ് പ്ലെയിറ്റും ഗ്ലാസും പിന്നെ രണ്ടു മെഴുകുതിരികളും കൂടിയുണ്ട്. കല്ലറയുടെ കറുത്തഫലകത്തിൽ കത്തിച്ചുവെച്ച മെഴുകുതിരികളുടെ മഞ്ഞവെട്ടം സാക്ഷിയായി, ആത്മാക്കളോടൊപ്പം ഇന്നു ഞങ്ങൾ പണ്ടേ പ്ലാൻ ചെയ്ത കാൻഡിൽലൈറ്റ് ഡിന്നർ! എനിക്കു പേടിയില്ലേ എന്നു നിങ്ങൾ ചിന്തിക്കുന്നു. ശരിയാണു കുറച്ചു പേടിയൊക്കെയുണ്ട്. എന്നാലെല്ലാ ഭയങ്ങൾക്കും മുകളിലാണു ചില ആഗ്രഹങ്ങൾ.
ബൈക്കിന്റെ ഹാൻഡിലിൽ തൂങ്ങുന്ന ഷിമ്മിക്കൂടു കണ്ടപ്പോൾ എനിക്കു ദേഷ്യം വന്നു. ഇതിനു വല്ലാത്ത വെളുപ്പാണ്. നിലാവിന്റെ വെളുപ്പ്. നിലാവിനെ ഞാൻ വെറുത്തു തുടങ്ങിയിട്ടു കുറേക്കാലമായി. നിലാവിനെയെന്നല്ല വെളുത്തനിറമുള്ള ഒന്നിനോടും എനിക്കു താല്പര്യമില്ല. എനിക്കിഷ്ടം കറുപ്പാണ്. ഈ അമാവാസി രാത്രിയുടേതുപോലെയുള്ള കട്ടക്കറുപ്പ്.
"പോയി മറഞ്ഞു... ഇരുളിലായി ആ നിറങ്ങൾ.. ഓ ഈ നിമിഷം തിരികെ വരുമോ.... വീണ്ടും." - മനസ്സിൽ 'അനുരാഗ കരിക്കിൻവെള്ളം' നിറഞ്ഞു. ഞാനുറക്കെ പാടി. നിലാവില്ലാത്ത ഈ രാത്രിയെത്ര സുന്ദരമാണ്. ഈ രാത്രി ആഗ്രഹങ്ങളെയൊന്നും തടഞ്ഞു വയ്ക്കരുത്.
മുൻപിലൊരു മഞ്ഞ സർപ്പംപോലെ മഴയിൽ നനയുന്നയൊരു വളവു കണ്ടപ്പോൾ അറിയാതെ പാട്ടു തൊണ്ടയിലുറഞ്ഞു നിന്നു പോയി. വല്ലാത്തയൊരു ഭയം മനസ്സിനെ വരിഞ്ഞുമുറുക്കിയപ്പോൾ ബൈക്കിന്റെ ഹാൻഡിലിൽ മുറുകെ പിടിച്ചു. കഴിഞ്ഞവർഷവും കർക്കിടകക്കരിവാവിൽ ഇതേ പ്ലാനുമായി ഞാനുമവളും പുറപ്പെട്ടതാണ്. പള്ളിസെമിത്തേരിയെത്തും മുൻപേയീ കൊടുംവളവു തിരിയുമ്പോൾ എന്റെ മൊബൈൽഫോൺ ശബ്‌ദിച്ചു. വണ്ടിനിർത്തിയിട്ടെടുക്കാൻ അവൾ പറഞ്ഞതാണ്. പക്ഷേ ഞാൻ കേട്ടില്ല. അശ്രദ്ധമായ ഡ്രൈവിംഗിനിടയിൽ വളവുതിരിഞ്ഞു വന്നയൊരു ജീപ്പ് ഞങ്ങളെയും തട്ടിയിട്ടു നിർത്താതെ പാഞ്ഞു പോയി. റോഡിൽ ചോരയിൽ കുളിച്ചു കിടക്കുമ്പോഴും എന്റെ ഞെട്ടൽ
സംഭവിച്ച അപകടത്തെക്കുറിച്ചോർത്തായിരുന്നില്ല. അതിലെ ഡ്രൈവറെക്കുറിച്ചോർത്തായിരുന്നു. ഇരുളിലേക്കലിഞ്ഞയാ ജീപ്പിന്റെ ഡ്രൈവറിനു തലയില്ലായിരുന്നു.
അയാളൊരു രാഷ്ട്രീയക്കാരനായിരുന്നുവെന്നും പാർട്ടിവഴി തൊട്ടടുത്തയൊരു സിറ്റിയിലയാൾക്കു ജീപ്പ് ഡ്രൈവറുടെ ജോലി തരപ്പെട്ടിരുന്നുവെന്നും പിന്നീടു ഞാനറിഞ്ഞു. ഒരുരാത്രിയിൽ പതിവുപോലെ ജോലികഴിഞ്ഞു വരുന്ന അയാളെ കാത്തിരുന്ന ഭാര്യയ്ക്കും കുഞ്ഞിനും വീടിനുമുന്നിൽ നിന്നുമൊരു പൊതി കിട്ടി. അതിലയാളുടെ തലയായിരുന്നു. എവിടെയോ ആരോ മരണപ്പെട്ടതിനു പകരമായി വഴിയിൽ പതുങ്ങിയിരുന്ന എതിർ പാർട്ടിക്കാരയാളെ ക്രൂരമായി വധിക്കുകയായിരുന്നു. അന്നുമുതലാണു ഞാൻ അമാവാസിയിലെ പ്രേതങ്ങളുടെ ശക്തിയിൽ വിശ്വസിച്ചു തുടങ്ങിയത്. എങ്കിലും പിന്നീടെനിക്കാ ഡ്രൈവറോടു യാതൊരുവിധത്തിലുള്ള ദേഷ്യവും തോന്നിയില്ല. തലയില്ലാതെ പാവമയാൾ ഞങ്ങളെയെങ്ങനെ കാണാനാണ്. അയാൾ പോകുന്നതു തന്റെ ഭാര്യ ഗർഭിണിയാണെന്ന സന്തോഷവാർത്തയറിഞ്ഞ് അവളെ കാണാനാണ്. അവളുടെ വയറിലൊരു ഉമ്മവയ്ക്കുക എന്നതായിരിക്കാം അയാളുടെ നടക്കാതെ പോയ ആഗ്രഹം.
വീട്ടിൽ നിന്നുമറങ്ങിയപ്പോൾതൊട്ടുള്ള ഇന്നത്തെ കാര്യങ്ങൾ ബൈക്കോടിക്കുന്നതിനിടയിലാണു ഞാൻ മൈക്ക് ഓപ്ഷൻ വഴി ഫോണിൽ പകർത്തുന്നത്. അതിൽ കുറച്ചു റിസ്ക്കെലമെന്റ്സുണ്ട്. അതെനിക്കു നന്നായി അറിയാം. വണ്ടിയോടിക്കുമ്പോൾ അഭ്യാസം കാണിക്കല്ലേയെന്ന് അവളെപ്പോഴുമെന്നെ ഉപദേശിച്ചിരുന്നു.
വളരെ പതുക്കെയാണാ രണ്ടുവളവുകളുമെടുത്തത്. ഇന്നും കൃത്യമാ വളവു തിരിയുന്നതിനിടയിലെന്റെ ഫോൺ ശബ്ദിച്ചു. പക്ഷേ ഞാനതു ശ്രദ്ധിക്കാനേ നിന്നില്ല. 'സുനാമിമുക്ക്' എന്നെഴുതി വെച്ചിരിക്കുന്ന ബസ്സ്സ്റ്റോപ്പുള്ള കവലയ്ക്കൽനിന്നും ഇടത്തേക്കു വണ്ടി തിരിക്കാൻ തുടങ്ങിയതും പുറകിൽനിന്നുമൊരു ആരവമുയരുന്നതു കേട്ടു. ഞാൻ ഒരാന്തലോടെ റിയൽവ്യൂമിററിൽ പാളിനോക്കി. ഹോ..തെരുവുപട്ടികളാണ്. അവറ്റകൾ കുരച്ചുകൊണ്ടു ബൈക്കിനു പുറകേ ഓടിവരികയാണ്. അവറ്റകളുടെ പുറത്തേക്കു നീണ്ടുകിടക്കുന്ന ചുവന്നനാക്കും മിററിൽ പ്രതിഫലിച്ചു പച്ചമുന്തിരിപോലെ തിളങ്ങുന്ന കണ്ണുകളും എന്നിലെ ഭയത്തെ വീണ്ടുമുണർത്തി. നാശങ്ങൾ. ബാക്കിയെഴുതാൻ സമ്മതിക്കുമെന്നു തോന്നുന്നില്ല. ഞാൻ ദേഷ്യത്തോടെ ആക്സിലറേറ്ററിൽ കൈ തിരിച്ചു. ആളില്ലാത്തയൊരു ബൈക്കു പോകുന്നതിന് ഇത്രമാത്രം ബഹളം വയ്ക്കാനുണ്ടോ അല്ലേ? ഇതൊക്കെകേട്ടു നിങ്ങൾ വെറുതെ പേടിക്കേണ്ട കേട്ടോ. ഞാൻ വെറും പാവമാണ്.
ആ ആക്സിഡന്റിൽ ഞങ്ങൾ രണ്ടുപേരും മരിച്ചു. പക്ഷേ ഞങ്ങളുടെ ഓർമ്മകളും ആഗ്രഹങ്ങളും മാത്രം മരിച്ചില്ല. അവ നീലനിറമുള്ളയൊരു മേഘത്തിന്റെയുള്ളിലെ മഴത്തുള്ളികളായി ഭദ്രമായി സൂക്ഷിക്കപ്പെട്ടു. മരിച്ചിട്ടും ഒടുങ്ങാത്തയാ ആഗ്രഹങ്ങൾ അമാവാസിരാത്രികളിൽ മാത്രം ഞങ്ങൾക്കു ചില ശക്തികൾ തരുന്നു. അതുകൊണ്ട് ഇന്ന്.. ഇന്നൊരു രാത്രിമാത്രം എനിക്കു ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കും. പേടിക്കേണ്ട കേട്ടോ.. നേരം വെളുക്കുമ്പോൾ, സൂര്യപ്രകാശത്തിന്റെ ആദ്യകിരണം കടലിനെ സ്പർശിക്കുന്ന നിമിഷത്തിൽ എന്റെ ശക്തികൾമുഴുവൻ താമരയിതളുകൾപോൽ പൊഴിഞ്ഞുപോകും. പിന്നെയൊരു തൂവൽപോലുമെടുത്തുയർത്താൻ എന്നെക്കൊണ്ടു കഴിയുകയില്ല. വീണ്ടുമൊരു മഞ്ഞുതുള്ളിയായുറഞ്ഞു കൊടുംതണുപ്പിൽ ഏതെങ്കിലും വനത്തിൽ- മരത്തിലെ വലിയ ഇലയിൽ അടുത്ത അമാവാസിക്കായി കാത്തിരിക്കും ഞാൻ. ദീർഘമായ കാത്തിരിപ്പുകൾക്കിടയിലെ ഇടവേളയിലാണു ഞങ്ങളുടെ ജീവിതം.
ഈ അർദ്ധരാത്രിയിൽ നേരമില്ലാത്തനേരത്തു വേണ്ടാത്ത റിസ്ക്കെടുത്തു ഞാൻ ഇതെഴുതുന്നത് ചെറിയൊരു മുന്നറിയിപ്പു തരാനായി മാത്രമാണ്. നിങ്ങൾക്കിതു ചിരിച്ചുതള്ളാം, വേണമെങ്കിലെന്നെ കളിയാക്കുകയും ചെയ്യാം. എങ്കിലും കേട്ടുകൊള്ളൂ. ഈ കറുത്തരാത്രിയിൽ കാറ്റില്ലാതെതന്നെ പറമ്പിലെ മരങ്ങളുടെ ചില്ലകളുലയുന്ന ശബ്ദം കേട്ടാൽ അങ്ങോട്ടു ലൈറ്റടിച്ചു നോക്കാൻ നിങ്ങൾ മിനക്കെടരുത്. കിടപ്പുമുറിയുടെ ചില്ലുജനാല കൊട്ടിയടയുന്നതു കണ്ടു കൊളുത്തിടുവാൻ കൈകൾ പുറത്തേക്കിടരുത്. മുറിയിലൊരു മിന്നാമിനുങ്ങിനെ ഒറ്റയ്ക്കു കണ്ടാൽ
ഉറക്കപ്പിച്ചിലതിനെ കൈക്കുള്ളിലാക്കാനും ശ്രമിക്കരുത്. അതൊക്കെയും ഞങ്ങളുടെ കൂട്ടുകാരാണ്. അവർ നിങ്ങളിലേക്കെത്താനുള്ള വഴി തിരയുകയാണ്. അവർ എന്നെപ്പോലെ പാവങ്ങളാകണമെന്നില്ല കേട്ടോ. ഈ നശിച്ചരാത്രിയൊന്നു തീർന്നുകിട്ടാൻ കൊന്ത ചൊല്ലി പ്രാർത്ഥിച്ചു വേഗം കിടന്നുകൊള്ളൂ. ഞാൻ പറഞ്ഞുവല്ലോ. ഇതു ഞങ്ങളുടെ സ്വന്തം രാത്രിയാണ്. നിങ്ങൾക്കു ഞങ്ങളെയീ രാത്രിയിലൊരു പുല്ലും ചെയ്യാൻ സാധിക്കില്ല. ഇതു കർക്കിടകരാത്രി. കാർമേഘങ്ങളിൽ മഴത്തുള്ളികൾ കൂടു കൂട്ടുന്ന പ്രേതങ്ങളുടെ സ്വന്തം സുന്ദരരാത്രി!
ഈ കറുത്തരാത്രിയിൽ ഉണർന്നിരിക്കാത്തവരേ നിങ്ങൾ ഭാഗ്യവാൻമാർ. കാരണം ഉണർന്നിരുന്ന് ഈ എഴുത്തു വായിക്കുന്നവരുടെയടുത്തേക്കു ഞാൻ വരികയാണ്. എന്നെ തിരിച്ചറിയാനുള്ള എന്റെ അടയാളങ്ങളെന്തെന്നു ഞാൻ പറഞ്ഞു തരില്ല. (ഒരു പ്രേതങ്ങളും അതു പറഞ്ഞുതരില്ല. ദാമ്പത്യജീവിതത്തിലെ കിടപ്പറ രഹസ്യംപോലെയൊരു കാര്യമാണത്. ദാമ്പത്യത്തിൽ കുട്ടികൾ ജനിക്കുന്നതുപോലെ ചില സൂചനകളിലൂടെ നിങ്ങൾക്കതു മനസ്സിലാക്കാമെന്നു മാത്രം.) അസ്വഭാവികമായതിലൊന്നും ശ്രദ്ധ ചെലുത്താൻ മനസ്സിനെ അനുവദിക്കാതിരിക്കുക.
മുന്നിൽ സെമിത്തേരിയുടെ പച്ചപ്പായൽ പിടിച്ചു കയറിയ കൂറ്റൻ മതിൽക്കെട്ട്. ബൈക്കിന്റെ മഞ്ഞവെളിച്ചമൊരു കൊങ്ങിണിച്ചെടിയിൽ തട്ടിച്ചിതറി. അതിനു ചുവട്ടിലവൾ നിൽക്കുന്നതു ഞാൻ കണ്ടു. പെയ്തുതോരാനായ ഒരു കാർമേഘം പൊഴിച്ചിട്ട കണ്ണുനീരിന്റെ അവസാന തുള്ളിപോലെ. റബ്ബർമരങ്ങൾക്കിടയിൽ മഞ്ഞനിറമുള്ള പൊട്ടുകളായി മിന്നാമിനുങ്ങുകൾ പാറിപ്പറന്നു. കാറ്റു പിടിക്കാതെതന്നെ റബ്ബർമരച്ചില്ലകളിൽനിന്നും ചില ശബ്ദങ്ങൾ കേട്ട ഞങ്ങളൊരുനിമിഷം കാതോർത്തു. പിന്നെയൊരുമിച്ചു പൊട്ടിച്ചിരിച്ചു. ഡൈനിംഗ് ടേബിളിനെക്കാൾ മിനുസമുള്ള മാർബിൾക്കല്ലറയ്ക്കു മുകളിൽ കുത്തിനിർത്തിയ മെഴുകുതിരിനാളങ്ങളുലയുന്നു. അവ തമ്മിലെന്തോ സ്വകാര്യം പറയുകയാണ്. എന്തായിരിക്കുമത്? ഞങ്ങൾ പതിയെ ഭക്ഷണം കഴിച്ചു തുടങ്ങി.
 
Top