ഇന്നലെ വൈകി കിടന്നതിനാൽ ഉറക്കം പോരാതെ വന്നിരുന്നു.. പക്ഷെ പുറത്തെ മഴയുടെ ഈണം കാതുകളിൽ വന്ന് അലയടിച്ചപ്പോൾ കണ്ണുകൾ തുറക്കാതെ നിവർത്തി ഇല്ലായിരുന്നു.. ബാൽക്കണി വാതിൽ തുറന്നതും മഴചാറ്റൽ മുഖത്തേക്കു വന്ന് അടിച്ചു.. അത്രയും ദിവസത്തെ ചുട്ടു പൊള്ളുന്ന വേനലിൽ നിന്നു മുക്തി നേടിയ പോലെ.. കാറ്റത്തു പാറുന്ന മുടിയിഴകൾ വലിച്ചു കെട്ടി മാടിയൊതുക്കി.. മുഖമൊന്ന് അമർത്തി തുടർച്ച ശേഷം മുറ്റത്തേക്കു കണ്ണോടിച്ചു.. മുന്നിലെ ഓടിട്ട വീടിന് എന്തൊരു ആകർഷണം ആണ്.. കാലമിത്ര മാറിയാലും പഴമയോട് എന്നും പ്രിയമേറെ ആയിരുന്നു.. വാഴയിലകളിലൂടെ മഴത്തുള്ളികൾ ഇറ്റിറ്റു വീഴുന്നുണ്ട്.. തൊടിയിലെ മറച്ചില്ലകൾക്കിടയിലൂടെ വെള്ളം ഊർന്നിറങ്ങുന്നു.. ചുണ്ടിൽ വിടർന്ന പുഞ്ചിരി കൺതടങ്ങൾ ചെറുതാക്കി.. ഇത്തരം കാഴ്ചകൾ എന്നും എന്നിൽ നിഷ്കളങ്കമായ ഒരു ചിരി സമ്മാനിക്കുമായിരുന്നു.. ഓർമകളിൽ ഞാനിന്നും സൂക്ഷിക്കുന്ന അമ്മയുടെ വീടായിരുന്നു മനസ്സിൽ അപ്പോൾ.. ഇതുപോലെ ഓടിട്ട രണ്ടു നില വീട്.. വഴിയിലൂടെ പോകുന്ന മിക്കവരുടെയും നോട്ടം അവിടേക്ക് എത്തുമായിരുന്നു.. എന്തോ ഒരു ആകർഷണം എനിക്കിന്നും ആ വീടിനോട് ഉണ്ട്.. മുറ്റത്തെ മുല്ല ചെടിയിൽ അതിരാവിലെ തന്നെ പൂക്കൾ എല്ലാം വിരിഞ്ഞു കാണും.. വീട്ടിൽ ഒരു കുട്ടികുറുമ്പി ഉണ്ട്.. അമ്മാവന്റെ മോളാ.. എന്നേക്കാൾ മുന്നേ ഉണർന്ന് പൂക്കൾ എല്ലാം പറിച്ചു കോർത്തിണക്കി തലയിൽ ചൂടുമെന്ന് വെല്ലു വിളിക്കും.. ഞാൻ ആണെങ്കിൽ അതിനേക്കാൾ മുന്നേ ഉണർന്ന് എല്ലാം കൈക്കലാക്കി കാണും.. പിന്നീട് അവിടെ ഒരു യുദ്ധം തന്നെ അരങ്ങേറും.. മനസ്സില്ല മനസ്സോടെ കുറച്ചു പൂക്കൾ എടുത്ത് അവൾക്ക് നേരെ നീട്ടി ചുണ്ടും കോട്ടി ഞാൻ ബാക്കി പൂക്കൾ എടുത്തു മുടിയുടെ മാറോട് ചേർക്കും.. അമ്മയുടെ സാരി കൊണ്ട് തയ്ച്ച പട്ടു പാവാടയും ഉടുത്തു കുളിച്ചു ഈറൻ അണിഞ്ഞ മുടിയിൽ നിറയെ മുല്ലപ്പൂവും ചൂടി മുത്തശ്ശിയുടെ കൈകൾ കൊണ്ട് ഊട്ടുന്ന സ്വാദുള്ള ഓരോ ഉരുളയും ഓർക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.. കൂട്ടത്തിൽ എന്നോടായിരുന്നു മുത്തശ്ശിക്ക് പ്രിയം.. മുൻശുണ്ഠി കാരൻ ആയ മുത്തശ്ശൻ ശകാരിക്കാൻ എന്നോണം വരുമ്പോൾ എനിക്ക് വേണ്ടി വാദിച്ചു എനിക്ക് നേരെ കണ്ണൊന്നു ഇറുക്കി ചിരിക്കും.. തൊട്ടപ്പുറത്തെ കടയിൽ നിന്നും മിട്ടായി വാങ്ങാൻ ആരും കാണാതെ വച്ചു നീട്ടിയ ചില്ലറ തുട്ടുകൾക്ക് ഇന്നത്തെ വലിയ നോട്ടുകളെക്കാൾ വിലയുണ്ടായിരുന്നു.. എല്ലാം ഇന്ന് വെറും ഓർമ്മകൾ മാത്രം.. ഇന്ന് എന്നെങ്കിലും എന്നെ തേടി വരുന്ന ഫോൺ കാൾ മാത്രമാണ് ഈ ബന്ധങ്ങൾ എല്ലാം 

